Thursday, January 16, 2014

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും 


ഫോട്ടോ: Pope's Risk
(2014 ജനുവരി 11ന് കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കെസിഎഫ് സെമിനാര്‍' ഇരിങ്ങാലക്കുട രൂപത കാരൂര്‍ സെന്റ് മേരീസ് റോസറി പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച സെമിനാറില്‍ ജീവന്‍ ടിവി എക്‌സി. എഡിറ്റര്‍ പി.ജെ ആന്റണി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, കൊരട്ടി കാത്തലിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് വി.സി. ദേവസി, ശ്രീമതി. ആനീസ് ജോസ്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഡോ. ലാസര്‍ തേര്‍മഠം, ജോസ് മണലില്‍, വി.ടി. തോമാസ്, രാജു ജോണ്‍, ആന്റണി നെടുംപറമ്പില്‍, സി.കെ. ജോണ്‍സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.)

സെമിനാറില്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവക മുന്‍ വികാരി ഫാ. ഡേവീസ് കാച്ചപ്പിള്ളി അവതരിപ്പിച്ച പ്റബന്ധം


രണ്ടായിരം വര്‍ഷത്തെ പഴക്കവും പാരമ്പര്യങ്ങളും ഉള്ള സമൂഹമാണ് കത്തോലിക്കാതിരുസഭ. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളാണ് സഭയുടെ അടിസ്ഥാനം. നാലാം നൂറ്റാണ്ട് വരെയുള്ളതും ആദിമസഭയെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ ക്രിസ്തീയ സമൂഹമാണ് അടിസ്ഥാനസഭാസമൂഹം. നാലാം നൂറ്റാണ്ട് മുതല്‍ സഭ യേശുവില്‍ നിന്നും സുവിശേഷ പ്രബോധനങ്ങളില്‍ നിന്നും ആദിമസഭയുടെ ശൈലികളില്‍ നിന്നും അകന്ന് പോകാനിടയായി. തന്മൂലം പതിനാറ് നൂറ്റാണ്ട് കാലം സഭ നാനാതരത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ പ്രധാനകാരണങ്ങള്‍ നാലാം നൂറ്റാണ്ട് മുതല്‍ സഭയില്‍ കടന്ന് കൂടിയതും പിന്നീട് വര്‍ദ്ധിച്ചുകൊണ്ടിരുന്നതുമായ ലൗകിക സമ്പത്തും ലൗകിക ഏകാധിപത്യ അധികാരവുമാണ്. പതിനാറ് നൂറ്റാണ്ട് കാലത്തെ ഇത്തരം ശൈലികളുടെ ഫലമായി സഭയുടെ ആദ്യ ശൈലികളും ആദര്‍ശശൈലികളുമായ ലളിത ജീവിതം, സുവിശേഷാത്മക ജീവിതം കൂട്ടായ്മ ജീവിതം എന്നിവ നഷ്ടമായിക്കൊണ്ടിരുന്നു. ഇവ വീണ്ടെടുത്ത് ആദിമ ശൈലികളിലേയ്ക്കും ആദര്‍ശശൈലികളിലേയ്ക്കും മടങ്ങിപോയി സഭയെ നവീകരിക്കുക എന്നതായിരുന്നു സഭാനവീകരണം എന്ന പദത്തിലൂടെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെയും 23-ാം യോഹന്നാന്‍ മാര്‍പ്പാപ്പയുടെ ജീവിതദര്‍ശനം. 1962 ഒക്‌ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ റോമിലെ വത്തിക്കാനില്‍ നടത്തപ്പെട്ടത്. കൗണ്‍സില്‍ പൂര്‍ത്തിയാകും മുമ്പേ 1963 ജൂണ്‍ 3 ന് യോഹന്നാന്‍ മാര്‍പ്പാപ്പ ദിവംഗതനായി. തന്മൂലം 6-ാം പൗലോസ് പാപ്പയാണ് പിന്നീട് കൗണ്‍സിലിനെ നയിച്ചത്. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താല്‍ മുന്‍പറഞ്ഞ ലക്ഷ്യങ്ങളോടെ സഭയെ നവീകരിക്കാന്‍ യുക്തമായ 16 പ്രമാണരേഖകള്‍ കൗണ്‍സില്‍ അംഗീകരിച്ച് സഭയുടെ തുടര്‍ന്നുള്ള പുരോഗതിക്കുവേണ്ടി നല്‍കുകയുണ്ടായി.
കൗണ്‍സിലിന്റെ പ്രബോധനങ്ങളെല്ലാം കര്‍ശനമായി അനുസരിക്കാന്‍ സഭ മുഴുവനേയും കടപ്പെടുത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 6-ാം പൗലോസ് മാര്‍പ്പാപ്പ അവയെല്ലാം സഭയ്ക്ക് നല്‍കിയത്. അതായത് നമുക്കിന്ന് കര്‍ശനമായി കടപ്പെട്ടിരിക്കുന്നതാണല്ലോ ഞായറാഴ്ച ആചരണം. ഈ മാനദണ്ഡം തന്നെയാണ് കൗണ്‍സില്‍ പ്രബോധനങ്ങളുടെ കാര്യത്തിലും ഉള്ളത്. അവ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനും കര്‍ശനമായ കടമയുണ്ട്. അതുകൊണ്ട്, ഇരുപതാം നൂറ്റാണ്ടില്‍ ദൈവം സഭയ്ക്കു നല്‍കിയ മഹത്തായ വരദാനമാണ്, കൃപാവരമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും, കൗണ്‍സിലിന്റെ പ്രമാണരേഖകളും. ഇവ സുവിശേഷത്തിലെ 5 താലന്ത് ലഭിച്ചവനേപ്പോലെ വളര്‍ത്തിക്കൊണ്ടുവരാനുള്ളവയാണ്, അല്ലാതെ ഒരു താലന്തു കിട്ടിയവനെപ്പോലെ പൊതിഞ്ഞ് വക്കാനുള്ളവയല്ല. എന്നാല്‍ കൗണ്‍സില്‍ കഴിഞ്ഞ് 50 വര്‍ഷം പിന്നിടുമ്പോഴും സഭ മനസ്സിലാക്കുന്നത് ഈ താലന്തുകള്‍ നാം നിര്‍ബന്ധ ബുദ്ധിയോടെ വളര്‍ത്തിയിട്ടില്ല എന്നാണ്. ഉപരി വിപ്ലവമായ ചിലകാര്യങ്ങള്‍ ചെയ്തു എന്നല്ലാതെ, അടിസ്ഥാനപരമായ സഭാനവീകരണം ഇന്നോളം ഉണ്ടായിട്ടില്ല. അടിസ്ഥാനനവീകരണം ഉണ്ടാകാതെ സഭയുടെ നവീകരണം പൂര്‍ണതയിലെത്തുകയില്ല. ഉദാഹരണത്തിന് തിരുസഭയിലെ അംഗങ്ങള്‍ മാര്‍പ്പാപ്പയോ, മെത്രാനോ, വൈദികനോ, സന്യാസിയോ, ഷെവലിയറോ, സാധാരണ ക്രിസ്ത്യാനിയോ ആരായാലും അവന്‍ സമ്പത്തിന്റെയും അധികാരത്തിന്റെയും ആനപ്പുറത്തിരിക്കുന്നത് തെറ്റാണെന്ന് കൗണ്‍സില്‍ പറയുന്നുണ്ടെങ്കില്‍ നാം ആനപ്പുറത്തുനിന്നിറങ്ങി, യേശുവിനേപ്പോലെ കഴുതപ്പുറത്ത് സഞ്ചരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം. പശ്ചാത്താപത്തോടെ തെറ്റ് ഏറ്റ് പറയണം, നവീകരണത്തിന് പ്രതിജ്ഞയെടുക്കണം. ഇപ്രകാരമുള്ള മനസ്സോടെ സഭയെ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി വളര്‍ത്താനുള്ള പ്രബോധനങ്ങളും മാതൃകകളുമാണ് കഴിഞ്ഞ 10 മാസമായിട്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പ സഭയ്ക്കു മുമ്പാകെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ സഭാനവീകരണം കര്‍ശനമായി നടപ്പാക്കാനായി ദൈവം സഭയിലേക്കയച്ച സഭാനവീകരണപ്രവാചകന്‍ എന്ന് ഫ്രാന്‍സീസ് പാപ്പായെ വിശേഷിപ്പിക്കാനാകും. ഫ്രാന്‍സീസ് പാപ്പയുടെ സഭാനവീകരണ പ്രബോധനങ്ങള്‍: 
1. വിശ്വാസികളാണ് തിരുസ്സഭ, മാര്‍പ്പാപ്പയും കര്‍ദ്ദിനാളും, മെത്രാനും വൈദികരും വിശ്വാസികളുടെ ശുശ്രൂഷകരാണ്.
2. സഭയാകുന്ന നൗകയെ നയിക്കുന്ന മെത്രാന്മാര്‍ ജനങ്ങളെ സേവിക്കേണ്ട സേവകരാണ്, ഭരിക്കേണ്ട അധികാരികളോ, യജമാനന്മാരോ അല്ല; മുരടിച്ച രാജകീയ പ്രഭുത്വം നിങ്ങളില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യണം, വിശ്വാസികളുടെ കാവല്‍ക്കാരും നന്മയുടെ പ്രവാചകരുമായി ലോകം നിങ്ങളെ തിരിച്ചറിയണം. വിശ്വസ്തതയോടെ സഭയെ സേവിക്കുക. യേശുവിനെപ്പോലെ എളിമയിലാണ് നിങ്ങളുടെ മഹത്വവും മാഹാത്മ്യവും കുടികൊള്ളുന്നത്. ഗ്രാമീണ ജീവിതം നയിച്ച നിഷ്ങ്കളങ്കനായ ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യന്മാരുടേയും മാതൃകയില്‍ നിങ്ങള്‍ ജനങ്ങളോടൊത്ത് ജീവിക്കണം. അടച്ചു പൂട്ടിയ കൊട്ടാരസദൃശമായ അരമനകളില്‍ കഴിയാതെ, അവിടെ നിന്നിറങ്ങി ജനങ്ങളിലേക്കിറങ്ങി ചെല്ലണം. അവരുടെ വേദനകളിലും ദുഃഖങ്ങളിലും യേശുവിന്റെ കാരുണ്യത്തോടെ പ്രതികരിക്കണം. കര്‍ത്താവിന്റെ കരുണയെ കാണാതെ പോകരുത്.
3. പുരോഹിതരും സന്യസ്തരും ഏറ്റവും പുതിയ മോഡല്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ മനോവേദന തോന്നാറുണ്ട്. സാധാരണ കാറുകളിലാണ് നിങ്ങള്‍ സഞ്ചരിക്കേണ്ടത്. നിങ്ങള്‍ കുറച്ചു കൂടി വിനീതരാകുക; ലോകമെങ്ങും കുട്ടികളും മറ്റുള്ളവരും ദാരിദ്ര്യം മൂലം മരിക്കുന്നുവെന്ന് ഓര്‍ക്കണം.
4. ക്രിസ്തീയത ഒരു ജീവിതശൈലിയാണ്, അത് ലേബലല്ല, പുറം മോടികളോടു കൂടിയ ക്രിസ്ത്യാനികളാകാതെ, നമ്മള്‍ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കണം. നന്മ ചെയ്തും നീതിയുടേയും സത്യത്തിന്റെയും പ്രവാചകരായും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തും ദൈവത്തെ അനുസരിച്ചും പ്രാര്‍ത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ദൈവത്തോടും കൂടി ജീവിക്കേണ്ടവരാണ് ക്രൈസ്തവര്‍.
5. ജനങ്ങളെ സ്വീകരിക്കാനുള്ള ഹൃദയവിശാലതയും അജഗണത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള ഇടയരൂപവും വിനയാന്വിതമായ ശുശ്രൂഷാശൈലിയും മെത്രാന്മാര്‍ക്കുണ്ടാകണം. മെത്രാന്റെ വാതില്‍ക്കല്‍ മുട്ടുന്നവര്‍ക്ക് ജീവിത നന്മയും സംലഭ്യതയും കൊണ്ട് ദൈവപിതാവിന്റെ സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കണം, അവര്‍ക്കത് മനസ്സിലാക്കി കൊടുക്കണം. മെത്രാന്‍ സ്ഥാനം ഒരു തൊഴിലായി കാണരുത്; മെത്രാന്‍ ജനത്തിന്റെ ആത്മീയ ഗുരുനാഥനും അധ്യാപകനുമായി സ്വയം സമര്‍പ്പണം ചെയ്യണം, യാത്രകളുടേയും അകന്ന ബന്ധങ്ങളുടേയും ശൃംഖലയില്‍ കുടുങ്ങി, സ്വന്തം ജനങ്ങള്‍ക്ക് മെത്രാന്‍ സംലഭ്യനാകാതെ, ''പറന്നു നടക്കുന്ന എയര്‍പോര്‍ട്ട്'' മെത്രാന്മാരാകാതിരിക്കണം.
6. നമ്മുടെ പടിവാതില്‍ക്കല്‍ ദരിദ്രനാരായണന്മാര്‍ വിശപ്പിന്റെയും രോഗത്തിന്റെയും നിലവിളി ഉയര്‍ത്തുമ്പോള്‍, അധികാരത്തിന്റെയും സമ്പത്തിന്റെയും ശീതളഛായയില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ്, അതില്‍ നിന്ന് പുറത്ത് കടക്കണം.
7. സഭയുടെ കാനോന്‍ നിയമം സഭാശുശ്രൂഷികളെ ക്രൂരന്മാരായ ന്യായാധിപന്മാരാക്കരുത്; ളോഹയിലും ബാഹ്യമായ ശൈലികളിലും സംരക്ഷണം തേടാതെ, യേശുവിലുള്ള വിശ്വാസത്തിലും യേശുവിനെ അനുകരിക്കുന്നതിലും യഥാര്‍ത്ഥ സംരക്ഷണം കണ്ടെത്തണം. സ്വന്തം മുറിക്കുള്ളില്‍ സ്വന്തം സുരക്ഷിതത്വം നോക്കി കതകടച്ചിരുന്ന് ജീവിതം മുരടിപ്പിക്കുന്നതിനേക്കാള്‍ തെരുവിലേക്കിറങ്ങിയതിന്റെ പേരില്‍ ചെളിപുരണ്ടതും, ക്ഷതമേറ്റതുമായ സഭയാണ് അഭികാമ്യം.
8. എല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രവണത, ഏകാധിപത്യം, സഭയുടെ എല്ലാതലങ്ങളേയും സങ്കീര്‍ണ്ണമാക്കും, ദുര്‍ബലമാക്കും, പ്രശ്‌നപൂരിതമാക്കും.
9. നീതിയുടെ വാഴ്ചയാണ് യഥാര്‍ത്ഥ സമാധാനമാര്‍ഗ്ഗം, സമാധാനം അനുഭവിക്കാനും, സമാധാനം അന്യര്‍ക്ക് നല്‍കാനുമുള്ള മാര്‍ഗ്ഗം യേശുവിനെ അനുസരിക്കുക എന്നതാണ്. നീതിയില്ലാത്തിടത്ത് പോലീസിനെ വിളിച്ചുയര്‍ത്തി സമാധാനം സ്ഥാപിക്കാം എന്ന് കരുതരുത്. ഭരണാധികാരികള്‍ മനുഷ്യരെ സ്‌നേഹിക്കുന്നവരാകണം.
10. സുവിശേഷാത്മക ശൈലി സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകണം. സുവിശേഷത്തിന്റെ ചൈതന്യവുമായി നേരിട്ട് ബന്ധമില്ലാത്ത ആചാരാനുഷ്ഠാനങ്ങളെ അവയ്ക്ക് എത്ര ആഴമായ ചരിത്രപാരമ്പര്യമുണ്ടായിരുന്നാലും പുനഃപരിശോധിക്കാന്‍ സഭ തയ്യാറാകണം. 
11. വാക്കിലും പ്രവര്‍ത്തിയിലും സുവിശേഷം പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടേയും കടമയാണ്. സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം, അതിന് ക്രൈസ്തവര്‍ സന്നദ്ധരാകണം.
12. സമൂഹത്തിന്റെ പൊതുനന്മയും സമാധാനവും ലക്ഷ്യമാക്കി സമൂഹത്തിലെ വ്യക്തികളെ സംയോജിപ്പിച്ച് സംവാദങ്ങള്‍ നടത്തേണ്ടതും യുക്തമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കേണ്ടതുമാണ്.
13. സഭയുടെ സ്ഥാപനകേന്ദ്രീകൃതമായ ശൈലികള്‍ക്ക് മാറ്റം വരുത്തേണ്ടതാണ്. സ്ഥാപനകേന്ദ്രീകൃതമായ ശൈലികള്‍ പലപ്പോഴും സ്ഥാപനത്തെ മാത്രം നോക്കിക്കാണുന്നു എന്നതാണ്. ചുറ്റുമുള്ള ലോകത്തെയും മനുഷ്യരേയും അവഗണിക്കുന്നതരത്തിലുള്ള ഈ കേന്ദ്രീകൃത ശൈലിമാറ്റപ്പെടണം. ഇതിനായി തുറവിയുള്ള സമീപനം സ്വീകരിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പിന്നീടുള്ള കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ വളരെ കുറച്ചുമാത്രമെ ചെയ്തിട്ടുള്ളു. അവ പൂര്‍ണ്ണമായും ചെയ്യാനാകണം.
14. സഭാകൂട്ടായ്മയെക്കുറിച്ച് പാപ്പ പറയുന്നതിപ്രകാരം : സഭയോടൊത്ത് ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ കേവലം ഹയരാര്‍ക്കിയോടുകൂടി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ അല്ല; സഭയുടെ സിനഡാലിറ്റി (കൂട്ടായ്മ) എന്നാല്‍ സഭയിലെ വിശ്വാസികളും മെത്രാന്മാരും മാര്‍പ്പാപ്പയും ഒരുമിച്ചുള്ള മുന്നേറ്റമാണ്. തന്മൂലം ഇന്നത്തെ രീതിയിലുള്ള മെത്രാന്‍ സിനഡിന് മാറ്റം വരുന്നതിന് എല്ലാവരേയും ഉള്‍പ്പെടുത്തി കൂടുതല്‍ ഡൈനാമിക്കാകണം, ആര്‍ജവത്വം ഉള്ളതാക്കണം. ജനങ്ങളുടെ കൂടെയിരുന്ന് ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കുന്ന മാര്‍പ്പാപ്പയും മെത്രാന്മാരും വൈദികരും 21 -ാം നൂറ്റാണ്ടില്‍ സഭയെ നവീകരിക്കാന്‍ കഴിവുറ്റവരാകും.15. വിമര്‍ശനങ്ങളേയും വിമര്‍ശകരേയും ഞാന്‍ ഇഷ്ടപ്പെടുന്നു. വിമര്‍ശകരാണ് സ്തുതി പാടകരേക്കാള്‍ സഭയ്ക്ക് ഉപകാരം ചെയ്യുക. അവരെ ബഹുമാനപൂര്‍വ്വം കേള്‍ക്കണം. വിമര്‍ശനങ്ങള്‍ സഭയുടെ നന്മയ്ക്ക് ഉപകരിപ്പിക്കണം.

ഫ്രാന്‍സീസ് പാപ്പയുടെ സഭാനവീകരണ മാതൃകകള്‍: 
1. സ്ഥാനാരോഹണത്തിനുശേഷം വിശ്വാസികളുടെ ആദ്യ കൂടികാഴ്ചയില്‍ അദ്ദേഹത്തിന്റെ വാക്കും ശൈലിയും ഇപ്രകാരം : ഞാനൊരു പാപിയാണ്, നിങ്ങല്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് ജനത്തിനു മുന്‍പാകെ തലകുനിച്ച് ജനത്തിന്റെ പ്രാര്‍ത്ഥനകളും ദൈവാനുഗ്രഹവും സ്വീകരിച്ചു.
2. ആഢംബരമായ വത്തിക്കാന്‍ കൊട്ടാരത്തില്‍ താമസിക്കാതെ, കര്‍ദിനാള്‍മാരും, മെത്രാന്‍മാരും,വൈദികരും താമസിക്കുന്ന ഭവനത്തിലേക്ക് മാര്‍പാപ്പ താമസം മാറ്റി.

3. ആര്‍ച്ച് ബിഷപ്പായിരുന്ന അവസരത്തില്‍ ദരിദ്രയായ ഒരു വിധവയുടെ അപേക്ഷ പരിഗണിച്ച്, കാനോന്‍നിയമത്തിന്റെ തടസ്സത്തിലും സാമ്പത്തിക പരാധീനതയിലും തന്റെ ഏഴ് മക്കളുടെ മാമോദീസ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ആര്‍ച്ച് ബിഷപ്പ് വിധവയുടെ ഏഴ് മക്കള്‍ക്കും മാമോദീസ നല്‍കുകയും തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് അവര്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു. ഇതേ പറ്റി മാര്‍പാപ്പ പറയുന്നത് ഇപ്രകാരം : 'കാനോന്‍ നിയമത്തിന്റെ അവസാന കാനോന്‍ ആത്മരക്ഷ എന്നതാണ്''


4. കര്‍ദിനാള്‍ ആയിരി ക്കുമ്പോള്‍ ദരിദ്രര്‍ താമസിച്ചിരുന്ന ചേരി പ്രദേശങ്ങളില്‍ ചെന്ന് അവരുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു.
5. മാധ്യമങ്ങളിലൂടെ പ്രശസ്തനാകാന്‍ ആഗ്രഹിക്കാതെ, അവയില്‍ നിന്ന് അകന്നു നില്‍ക്കുകയും അജപാലന ശ്രുശ്രൂഷകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തുകൊണ്ടിരുന്ന കര്‍ദിനാളായിരുന്നു നമ്മുടെ പാപ്പ.
6. പേഴ്‌സണല്‍ സെക്രട്ടറിയും സല്‍ക്കാര ശുശ്രൂഷിയും ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ ജോലികള്‍ സ്വന്തമായി ചെയ്തിരുന്ന കര്‍ദിനാള്‍.
7. മാര്‍പാപ്പയുടെ പൊതു സന്ദര്‍ശനാവസരത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനേയും ശാരീരിക രോഗത്താല്‍ മുഖം വികൃതമാക്കപ്പെട്ട മനുഷ്യനേയും സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്ത മാര്‍പാപ്പ.
8. യൂറോപ്പിലെ എല്ലാ മനുഷ്യരും അവധിക്കാലം ചെലവഴിക്കുന്നതുപ്പോലെ, പരമ്പരാഗതമായി എല്ലാ മാര്‍പാപ്പമാര്‍ക്കും അനുവദിച്ചിരുന്ന അവധിക്കാലം തനിക്കു വേണ്ട എന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചു.
9. മിലാനില്‍ നിന്ന് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ 250 കുട്ടികള്‍ വരുന്നുണ്ടെന്നറിഞ്ഞ്, മാര്‍പാപ്പ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് കുട്ടികളെ സ്വീകരിച്ച് വത്തിക്കാനിലേക്ക് കൂട്ടികൊണ്ടു പോന്നു.
10. കുര്‍ബാന ചൊല്ലുന്ന കപ്പേളയിലും ഭക്ഷണ മുറിയിലും തനിക്ക് പ്രത്യേക ഇരിപ്പിടം വേണ്ട എന്ന് പറയുകയും ഓരോ ദിവസവും വ്യത്യസ്ത ഇരിപ്പിടങ്ങളില്‍ സാധാരണക്കാരെപ്പോലെ കഴിയുകയും ചെയ്യുന്നു.
11. തനിക്ക് ഭക്ഷണം വിളമ്പിത്തരാന്‍ സഹായികളാരും വേണ്ട എന്നു പറഞ്ഞ് സ്വയം ഭക്ഷണം കഴിക്കുകയും പാത്രങ്ങള്‍ സ്വയം കഴുകി വയ്ക്കുകയും ചെയ്യുന്നു.
12. തന്റെ താമസമുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ക്ക് മാര്‍പാപ്പ ഭക്ഷണം കൊണ്ടുപ്പോയി കൊടുത്തത് പത്രത്തില്‍ വായിച്ചു.
13. കര്‍ദിനാള്‍മാരെ ജീവിതലാളിത്യം പഠിപ്പിക്കാനായി, വത്തിക്കാന്‍ ബാങ്കിന്റെ ചുമതല വഹിക്കുന്ന അഞ്ച്കര്‍ദിനാള്‍മാര്‍ക്ക് ഇന്നോളം നല്‍കി വന്നിരുന്ന അധിക ശബളം ഇല്ലാതാക്കി.
14. വത്തിക്കാനിലെ ഒരു കര്‍ദിനാളിനെയും ജര്‍മ്മനിയില്‍ പണം ദുര്‍വിനിയോഗം ചെയ്ത ഒരു മെത്രാനെയും തല്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുക ഉണ്ടായി.
15. ഇന്ത്യയിലെ നാല് മെത്രാന്‍മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ 
മാര്‍പാപ്പ താക്കീത് നല്‍കിയെന്ന് പത്രത്തില്‍ വാര്‍ത്തയുണ്ടായി.
16. ബ്രസീലിലെ യുവജന സമ്മേളനത്തിനിടയില്‍ മാര്‍പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിക്കാന്‍ സമയം കണ്ടെത്തുകയുണ്ടായി.
17. നിരീശ്വരവാദിയും ദരിദ്രരുടെ നേതാവുമായ ഉറുഗ്വേയിലെ പ്രസിഡന്റുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
18. മാര്‍പാപ്പ കര്‍ദിനാള്‍ ആയിരുന്ന അര്‍ജന്റീനയില്‍ മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം അവര്‍ തന്റെ പ്രതിമ സ്ഥാപിച്ചു എന്നറിഞ്ഞപ്പോള്‍, പ്രതിമ എടുത്തുമാറ്റാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദേശം നല്‍കി. ഇത്തരം വീരാരാധന തനിക്ക് ആവശ്യമില്ല, എന്നെ ആരും ആള്‍ദൈവമാക്കരുത്, ആരെയും സഭയില്‍ ആള്‍ദൈവങ്ങള്‍ ആക്കരുതെന്നും മാര്‍പാപ്പ അറിയിച്ചു.
19. മാര്‍പാപ്പയെ ധാരാളം പൊതുവേദികളില്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശിരസ്സില്‍ വെളുത്ത ഒരു തുണിയുടെ തൊപ്പിയല്ലാതെ പരമ്പരാഗതമായ കിരീടമോ, അദ്ദേഹത്തിന്റെ കൈയ്യില്‍ അധികാര വടിയോ കാണാറില്ല.
20. പ്ലെയ്‌നില്‍ കയറാന്‍ പോയപ്പോള്‍ സാധാരണക്കാരെപ്പോലെ സ്വന്തം ബാഗ് കൈയ്യിലേന്തി യാത്രക്കാരുടെ വരിയില്‍ നില്‍ക്കുകയാണ് മാര്‍പാപ്പ ചെയ്തത്.
21. തെരഞ്ഞെടുപ്പിനുശേഷം കര്‍ദിനാള്‍മാരുമായുള്ള കൂടിക്കാഴ്ചക്കുപ്പോകാന്‍, തനിക്കു വേണ്ടിയുള്ള സ്വന്തം വാഹനം ഉണ്ടായിരുന്നെങ്കിലും, മാര്‍പാപ്പ അതില്‍ കയറാതെ പൊതു വാഹനത്തിലാണ് യാത്ര ചെയ്തത്.
22. മാര്‍പാപ്പയുടെ ജന്‍മദിനത്തില്‍ താമസസ്ഥലത്തെ ജോലിക്കാരും പരിസര പ്രദേശത്തെ ഭവനരഹിതരും ഒരുമിച്ചിരുന്നാണ് മാര്‍പാപ്പ ഭക്ഷണം കഴിച്ച് ജന്‍മദിനം ആഘോഷിച്ചത്.ഞാന്‍ ചുരുക്കുകയാണ്. മാര്‍പാപ്പ സഭാനവീകരണ പ്രവാചകനാണെന്ന് ലോകം മുഴുവന്‍ സമ്മതിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തിന് വിവിധ അംഗീകാരം നല്‍കിക്കൊണ്ടിരിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതായി പത്രത്തില്‍ വായിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സഭാനവീകരണ പ്രവാചക ദൗത്യം കേരളസഭയും സീറോ മലബാര്‍ സഭയും യുക്തമായി അംഗീകരിക്കുകയോ അക്കാര്യത്തില്‍ സമൂഹത്തിന് ശരിയായ ബോധവല്‍ക്കരണം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് പറയാനാകില്ല. മാര്‍പാപ്പയുടെ മാതൃകയിലുള്ള നവീകരണ മാതൃകകള്‍ വളരെ ചുരുക്കമായി മാത്രമേ കേരളസഭാനേതൃത്വത്തില്‍ കാണാനാവുന്നുള്ളൂ. നാലാം നൂറ്റാണ്ടുമുതലുള്ള രാജകീയ ശൈലികളില്‍ മാര്‍പാപ്പ വളരെയേറേ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അത്തരം മാറ്റങ്ങള്‍ക്ക് വിധേയപ്പെടാന്‍ കേരളാസഭാനേതൃത്വം വിമുകത കാണിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്. സഭയിലെ ഒരു സ്വതന്ത്ര സംഘടനയായ കേരളകാത്തലിക് ഫെഡറേഷന്‍ മാര്‍പാപ്പയുടെ സഭാനവീകരണ പ്രവാചകദൗത്യത്തിന് ഈ സെമിനാറിലൂടെ നല്ലൊരു തുടക്കമിട്ടു എന്നതില്‍ സീറോ മലബാര്‍ സഭയ്ക്കും കേരളസഭയ്ക്കും അഭിമാനിക്കാം. അല്മായരുടെ മാതൃക മനസ്സിലാക്കിയിട്ടെങ്കിലും സഭാനേതൃത്വം ഇത്തരം സെമിനാറുകള്‍ എല്ലാ രൂപതകളിലും ഇടവകകളിലും സഭാതലത്തിലും നടത്തണമെന്നും മാര്‍പ്പാപ്പയുടെ മാതൃകകള്‍ അനുകരിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി സഭയെ നവീകരിക്കാന്‍ സഭാനേതൃത്വം സന്നദ്ധമാകണമെന്ന് ഓര്‍പ്പിച്ചുകൊണ്ടും കേരള കാത്തലിക് ഫെഡറേഷന്റെ ഈ മുന്നേറ്റത്തില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഈ പ്രബന്ധം അവസാനിപ്പിക്കുന്നു.


കേരള കാത്തലിക് ഫെഡറേഷന്‍ - R 617/08, 
ENRA 39, ദിവാന്‍ ശങ്കര വാര്യര്‍ റോഡ്. 
ഒല്ലൂര്‍, തൃശ്ശൂര്‍ 680306.

Email: keralacatholicfederation@gmail.com - 
State President: Antony Chittattukara Ph. 04885235598, 
General Secretary: V.K. Joy Ph. 9447037725, 9495839725 -

Email: joyvarocky@gmail.com

No comments:

Post a Comment