Sunday, December 8, 2019

യാക്കോബായസഭക്കും ഇത് പുതുക്കത്തിനുള്ള അവസരം


യാക്കോബായസഭക്കും ഇത് പുതുക്കത്തിനുള്ള അവസരം

യാക്കോബായ സഭക്കും ഇത് പുതുക്കത്തിനുള്ള അവസരം
(ഗീവർഗ്ഗീസ് മാർ കൂറിലോസ് )
ബഹു. സുപ്രീം കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധി അനുഭവിക്കുന്ന എന്റെ സഭയ്ക്കും ഇത് പുതുക്കത്തിനുള്ള അവസരം കൂടിയായി ഞാൻ കാണുന്നു. ഇതിനകം നാല്പതോളം ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും വസ്തുവകകളും മറുവിഭാഗം ( താൽക്കാലികമായിട്ടെങ്കിലും) കൈയടക്കി കഴിഞ്ഞു. ആ ശ്രമങ്ങൾ മറുവിഭാഗം നിർദയമായും മനുഷ്യത്വരഹിതമായും തുടരുമ്പോഴും ചില കാര്യങ്ങൾ പാഠമാക്കണം.
ഇനിയെങ്കിലും കോടിക്കണക്കിന് രൂപ മുടക്കി കൊട്ടാര സദൃശ്യങ്ങളായ ദേവാലയങ്ങൾ ഉണ്ടാക്കില്ല എന്നു നാം തീരുമാനം എടുക്കണം.. പ്രത്യേകിച്ച്, നഷ്ടപ്പെട്ട പള്ളികൾക്ക് പകരം വയ്ക്കുന്ന പള്ളികൾ വാശിക്ക് നഷ്ടപ്പെട്ട പള്ളിയേക്കാളും ആഢംബരമായി പണിയാൻ ശ്രമിക്കാതിരിക്കുക. ദൈവം വസിക്കുവാൻ ആഗ്രഹിക്കുന്ന ദേവാലയങ്ങൾ രമ്യഹർമ്മങ്ങളല്ല, മറിച്ച് ലളിത ഭവനങ്ങളാണ്. കാലിതൊഴുത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങാം നമുക്ക്. ആക്കൂടെ ഭവനരഹിതർക്ക് വീടുകൾ വച്ചു നൽകുക. ദേവാലയങ്ങൾക്ക് അമിതമായ ഭൂസ്വത്ത് ഉണ്ടാകരുത്. ഇന്നും കയറി കിടക്കാൻ വീടും ഒരു സെന്റ് ഭൂമിയും ഇല്ലാത്തവർ ധാരാളം ചുറ്റും വസിക്കുമ്പോൾ സഭകൾ വൻകിട ഭൂ ഉടമകളാക്കുന്നത് പാപമാണ്. പള്ളികൾക്ക് അനാവശ്യമായ ബാങ്ക് നീക്കിയിരുപ്പും ഉണ്ടാകരുത്. ഇത്തരം പാപവാസനകൾ ഉപേക്ഷിക്കപ്പെടുമ്പോൾ മറുവിഭാഗത്തിന്റെയും എല്ലാവരുടെയും കൈയ്യേറ്റവാസനയും സ്വയം ഇല്ലാതാകും. പള്ളികൾ ഇനിയും വരേണ്യ വർഗ്ഗ- ധനികരെ ഉന്നം വയ്ക്കുന്ന ലാഭേച്ഛയോടെ നടത്തപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുടങ്ങരുത്. അവയ്ക്ക് ഇവിടെ ഇപ്പോൾ ക്ഷാമമില്ല. സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹവും സാമ്പത്തിക ശേഷിയും ഉള്ള ദേവാലയങ്ങൾ പാവപ്പെട്ടവർക്കും അശരണർക്കും ഗുണം ലഭിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങൾ തുടങ്ങട്ടെ. സാമ്പത്തിക ലാഭം ഇല്ലാത്ത, മറിച്ച് അങ്ങോട്ട് പണം മുടക്കേണ്ടതും ആത്മ സംതൃപ്തി ലഭിക്കുന്നതുമായ ഇത്തരം സ്ഥാപനങ്ങളെ പള്ളി പിടുത്തക്കാർ ലക്ഷ്യം വയ്ക്കില്ല.
ആഢംബരങ്ങളിൽ നിന്നും ലാഭക്കൊതിയിൽ നിന്നും കച്ചവട താൽപര്യങ്ങളിൽ നിന്നും വഴിമാറി വേദ പുസ്തകത്തിലേക്കും സുവിശേഷീകരണത്തിലേക്കും സാമൂഹിക നവോത്ഥാന/സേവന മേഖലകളിലേക്ക് പള്ളികളും സഭയും ശ്രദ്ധ കേന്ദീകരിച്ചാൽ സഭയ്ക്ക് ഒരു ഉയിർത്തെഴുന്നേൽപ്പം പുതിയ മുഖവും ക്രിസ്തു ഭാവവും ലഭിക്കും. മർത്തോമ സഭയുടെ വളർച ഇതിന് ഉദാഹരണമാണ്. സുവിശേഷീകരണം വഴി നമ്മുടെ സഭയെ ജാതി മതിലുകൾ തകർത്ത് എല്ലാവർക്കും തുല്യ ഇടമുള്ള ഒരു തുറന്ന ഭവനമാക്കി മാറ്റാം. സാമ്പത്തിക ലാഭവും നേട്ടവും ലഭിക്കില്ല എന്നു വരുമ്പോൾ പള്ളി പിടുത്തക്കാരുടെ അധിനിവേശ ശ്രമങ്ങൾ നിലക്കുകയും ചെയ്യാം. സാമ്പത്തികസുതാര്യതയും ആത്മീയ / ധാർമ്മിക വിശുദ്ധിയും ഉറപ്പാക്കി ലാളിത്യത്തിലേക്ക് മടങ്ങാനുള്ള അവസരമായി നമുക്ക് ഈ പ്രതിസന്ധിയെ രൂപാന്തരപ്പെടുത്താം. മേൽ പറഞ്ഞ മേഖലകളിൽ നമ്മുടെ സഭയ്ക്കും കഴിഞ്ഞ കാലങ്ങളിൽ വന്ന വീഴ്ചകളിൽ അനുതപിച്ച്, തിരുത്തി മുന്നോട്ടു പോകാം. ഒരു പുതിയ ദർശത്തോടെ, പ്രാർത്ഥനയുടെ ബലത്തിൽ. ദൈവം നമ്മോടു കൂടെ
Manorama 07/12/2019

No comments:

Post a Comment