Friday, December 13, 2019

ചർച്ച് ബില്ലും അനുബന്ധചിന്തകളും

ചർച്ച് ബില്ലും അനുബന്ധചിന്തകളും

ഡോ. ജോര്‍ജ് തെക്കേക്കര
MCL, DCL, LLB, LLM

സാമൂഹ്യശാസ്ത്രത്തില്‍ ചട്ടക്കൂടും (structure) കാര്യകര്‍ത്തൃത്വവും (agency) തമ്മില്‍ നിരന്തരമായ ഒരു സംവാദം നടക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സാമര്‍ത്ഥ്യവും ധാരണാശക്തിയും നല്കുന്ന പ്രേരണയാല്‍ ചട്ടക്കൂടില്‍നിന്ന് പുറത്തുകടക്കുവാന്‍ വെമ്പല്‍കൊള്ളുന്ന വ്യക്തിയെയോ വ്യക്തികളെയോ ആണ് കാര്യകര്‍ത്തൃത്വംകൊണ്ട് വിവക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെയും, തങ്ങള്‍ക്കുള്ള അവസരങ്ങളെയും പരിമിതപ്പെടുത്തുന്ന വ്യവസ്ഥാപിത മാതൃകകളായിട്ടാണ് ചട്ടക്കൂടിനെ ഇക്കൂട്ടര്‍ വിലയിരുത്തുന്നത്.
ഈ സാമൂഹിക പ്രതിഭാസം സഭയിലും പ്രതിഫലിക്കുന്നുണ്ട്. വിശ്വാസപാരമ്പര്യങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ച് സഭയുടെ സാമൂഹികമനഃസ്സാക്ഷിയെ രൂപപ്പെടുത്തുന്ന ചട്ടക്കൂട് തകര്‍ക്കുവാനുള്ള ശ്രമം അതിന്‍റെ ഭാഗമാണ്. സകലവിധ വ്യവസ്ഥാപിതഘടനകളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ‘അനാര്‍ക്കോ കമ്മ്യൂണിസ’ത്തിന്‍റെ ഒരു തുടര്‍ച്ചയെന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. ഇവിടെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ചട്ടക്കൂട് സഭയുടെ ഹയരാര്‍ക്കി അഥവാ അധികാരശ്രേണി, എപ്പിസ്ക്കോപ്പസി അഥവാ മെത്രാന്‍പദവി, പൗരോഹിത്യ നേതൃത്വം തുടങ്ങിയവയാണെന്ന് മാത്രം. ചര്‍ച്ച് ആക്ടിനു പിന്നിലെ മുറവിളികള്‍ക്കു പിന്നിലെ നിലപാടുകള്‍ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
എന്താണ് ചര്‍ച്ച് ആക്ട്?
കേരളത്തിലെ വിവിധ സഭകളുടെയും ക്രിസ്തീയ സമൂഹങ്ങളുടെയും വസ്തുവകകളുടെ ഭരണത്തിനും നടത്തിപ്പിനുമായി ഗവണ്‍മെന്‍റ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന നിയമമാണ് ചര്‍ച്ച് ആക്ട്. ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ കാലത്ത് രണ്ടു പ്രാവശ്യം ഇതിനുള്ള ശ്രമങ്ങള്‍ നടന്നു. 2009-ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന നിയമ പരിഷ്കരണ കമ്മീഷനാണ് ചര്‍ച്ച് ആക്ട് ബില്‍ തയ്യാറാക്കി ആദ്യം അവതരിപ്പിച്ചത്. ‘ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ എന്നായിരുന്നു ആ ബില്ലിന്‍റെ പേര്. 2019-ല്‍ ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായ നിയമപരിഷ്കരണ കമ്മീഷന്‍ ഈ ബില്ല് വീണ്ടും അവതരിപ്പിച്ചപ്പോള്‍ അത് ‘ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍റ് ഇന്‍ സ്റ്റിറ്റ്യൂഷന്‍സ് ബില്‍ 2019’ എന്നാക്കി മാറ്റി. 2019-ലെ ബില്ലില്‍ ഗവണ്‍മെന്‍റിന് നിയമങ്ങളുണ്ടാക്കുവാന്‍ പരിധിയില്ലാത്ത അധികാരമാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഈ പഴുതുപയോഗിച്ച് മുമ്പ് വിവാദമായിരുന്ന 2009-ലെ ബില്‍ തിരുകിക്കയറ്റുവാനായിരുന്നിരിക്കാം ഉദ്ദേശ്യം. വിവിധ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടു ബില്ലുകളും നിയമമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ല.
എന്താണ് 2009-ലെ ചര്‍ച്ച് ബില്‍?
സഭയെ ഇടവകാതലം, രൂപതാതലം, സഭാതലം എന്നിങ്ങനെ മൂന്ന് ട്രസ്റ്റുകളാക്കി തിരിക്കുന്നു. ഇടവകാതലമാണ് സഭയുടെ അടിസ്ഥാന യൂണിറ്റ്. ആക്ട് നടപ്പിലായി 6 മാസത്തിനകം എല്ലാ ഇടവകകളും ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യണമെന്ന് 5-ാമത്തെ വകുപ്പില്‍ പറഞ്ഞിരിക്കുന്നു. രൂപതയുടെയും സഭയുടെയും രജിസ്ട്രേഷനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഒരു ട്രസ്റ്റ് എന്ന നിലയിലാണ് നിയമാവലിയില്‍ പരിഗണിക്കുകയും പരാമര്‍ശിക്കുകയും ചെയ്തിട്ടുള്ളത്. രൂപതാതലത്തെ ജില്ലാതലമെന്നും സഭാതലത്തെ സംസ്ഥാനതലമെന്നും വിളിക്കുന്നു. പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി, ജില്ല, സംസ്ഥാനം എന്നിങ്ങനെ ഒരു സംസ്ഥാനത്തെ തിരിക്കുന്നതു പോലെയെന്ന് തോന്നാമെങ്കിലും സംസ്ഥാനത്തെയും ജില്ലയിലെയും ഭരണാധികാരികള്‍ക്കുള്ള അവകാശാധികാരങ്ങളൊന്നും സഭാതലവനോ രൂപതാ അധികാരികള്‍ക്കോ ഉണ്ടാവുകയില്ല. കാരണം ഇടവകയും, രൂപതയും, സഭയും മൂന്ന് വ്യത്യസ്ത ട്രസ്റ്റുകളാണ്. സഭാതലവന്‍ സഭാതല ട്രസ്റ്റിന്‍റെയും ട്രസ്റ്റ് കമ്മറ്റിയുടെയും അദ്ധ്യക്ഷന്‍ മാത്രമായിരിക്കും. രൂപതാഭരണത്തിലോ ഇടവകഭരണത്തിലോ ട്രസ്റ്റിന്‍റെ അധികാരത്തില്‍ കൈകടത്തുവാന്‍ സഭാമേലദ്ധ്യക്ഷന് കഴിയുകയില്ല. രൂപതാ മെത്രാന്‍ രൂപതാതല ട്രസ്റ്റിന്‍റെയും ട്രസ്റ്റ് കമ്മറ്റിയുടെയും അദ്ധ്യക്ഷനായിരിക്കും. ഇടവക ട്രസ്റ്റില്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു ഭാഗഥേയവും ഉണ്ടായിരിക്കുന്നതല്ല. ഇടവകട്രസ്റ്റിന്‍റെയും ട്രസ്റ്റ് കമ്മറ്റിയുടെയും അദ്ധ്യക്ഷന്‍ ഇടവക വികാരിയായിരിക്കും.
ഇടവക ട്രസ്റ്റ് അസംബ്ലിയില്‍ ഇടവകയിലെ പ്രായപൂര്‍ത്തിയായ എല്ലാവരും അംഗങ്ങളാണ്. ഈ ട്രസ്റ്റ് അസംബ്ലിയാണ് മൊത്തം കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഇടവകയുടെ മാനേജിംഗ് ട്രസ്റ്റി ഉള്‍പ്പെടെ ട്രസ്റ്റ് കമ്മറ്റി അംഗങ്ങളെയും രൂപതാ ട്രസ്റ്റിലെയും, സഭാട്രസ്റ്റിലെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. മുന്നൂറു കുടുംബങ്ങള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ രൂപതാട്രസ്റ്റിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഓരോ ഇടവകയില്‍നിന്നും ഒരാള്‍ എന്ന നിലയില്‍ സംസ്ഥാനട്രസ്റ്റിലേക്കും ഇടവക ട്രസ്റ്റ് അസംബ്ലിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നു. രൂപതാട്രസ്റ്റില്‍ നിന്നും പത്തുപേര്‍ വീതവും സഭാട്രസ്റ്റില്‍ ഉണ്ടായിരിക്കും. അതാത് ട്രസ്റ്റിലെ കമ്മറ്റി അംഗങ്ങളെ (ട്രസ്റ്റിമാരെ) ട്രസ്റ്റ് അസംബ്ലിയാണ് തിരഞ്ഞെടുക്കുന്നത്. ഇടവക ട്രസ്റ്റ് കമ്മറ്റിയില്‍ ആദ്യ നൂറു കുടുംബങ്ങള്‍ക്ക് ഏഴു പേരെയും, തുടര്‍ന്നു വരുന്ന ഓരോ നൂറു കുടുംബങ്ങള്‍ക്കും മൂന്നുപേരെ വീതവും തിരഞ്ഞെടുക്കാം. രൂപതാട്രസ്റ്റ് കമ്മറ്റിയില്‍ മാനേജിംഗ് ട്രസ്റ്റി ഉള്‍പ്പെടെ 25 പേരായിരിക്കും ഉള്ളത്. സഭാതലട്രസ്റ്റ് കമ്മറ്റിയില്‍ 101 ട്രസ്റ്റിമാരായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്.
ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ട്രസ്റ്റിന്‍റെ വസ്തുവകകളുടെ ഉടമസ്ഥത എല്ലാ ട്രസ്റ്റ് അംഗങ്ങള്‍ക്കും പൊതുവായും, അതു കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ട്രസ്റ്റിമാര്‍ക്കുമായിരിക്കും.
ആരൊക്കെയായിരിക്കും ട്രസ്റ്റിലെ അംഗങ്ങള്‍
ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ച ആര്‍ക്കും ട്രസ്റ്റില്‍ അംഗമാകുവാനുള്ള വാതിലാണ് ഈ ബില്‍ തുറന്നിടുന്നത്. സഭയെ നിര്‍വചിച്ചിരിക്കുന്നത് ‘ക്രിസ്തുവിനെ ആരാധിക്കാന്‍ ഒരുമിച്ചു ചേരുന്നവരുടെ കൂട്ടം’ എന്നാണ് (വകുപ്പ് 4). അതുപോലെ സഭയിലെ ആത്മീയ ശുശ്രൂഷ അവകാശപ്പെടാന്‍ സാധിക്കുന്നവരുടെ യോഗ്യത ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുന്ന അംഗങ്ങളാവുക എന്നതും (വകുപ്പ് 20). ഇവിടെയൊന്നും മാമ്മോദീസ സ്വീകരിക്കുക ഒരവിഭാജ്യഘടകമായി കാണുന്നില്ല. ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു എന്ന ഒരു സത്യവാങ്മൂലം മതിയാകും ഒരാളെ ട്രസ്റ്റില്‍ സ്വീകരിക്കുന്നതിന്. തീരുമാനമെടുക്കേണ്ടത് ട്രസ്റ്റ് അസംബ്ലിയാണല്ലോ. അതായത് അസംബ്ലിയില്‍ ഭൂരിപക്ഷംപേര്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഇതുപോലെ ട്രസ്റ്റില്‍ കയറിപ്പറ്റാം. നിരീശ്വരവാദിയോ, ശിക്ഷിക്കപ്പെട്ട കുറ്റവാളിയോ, മനോരോഗിയോ, മന്ദബുദ്ധിയോ, മദ്യത്തിനോ മറ്റ് ലഹരികള്‍ക്കോ അടിമയോ അല്ലാത്തപക്ഷം ആര്‍ക്കും ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെടുകയുമാവാം (വകുപ്പ് 7). ചുരുക്കത്തില്‍ ട്രസ്റ്റിലെ ഭൂരിപക്ഷമായിരിക്കും ആരൊക്കെ സഭാഭരണം നടത്തണമെന്ന് തീരുമാനിക്കുന്നത്.
എന്തൊക്കയാണ് ട്രസ്റ്റിന്‍റെ ഉത്തരവാദിത്തങ്ങള്‍
ട്രസ്റ്റിന്‍റെ പണമിടപാടുകള്‍ നടത്തുക, അവയുടെ കണക്കുകള്‍ അവതരിപ്പിക്കുക എന്നത് മാത്രമല്ല ട്രസ്റ്റ് അസംബ്ലിയുടെയും കമ്മറ്റികളുടെയും ചുമതല. സഭയുടെ വിശ്വാസം പരിശീലിപ്പിക്കുന്നതിനും, എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്ന ട്രസ്റ്റ് അംഗങ്ങളുടെ ആത്മീയാവശ്യങ്ങള്‍ സഭാശുശ്രൂഷികള്‍ നടത്തിക്കൊടുക്കുന്നു എന്നും ഉറപ്പുവരുത്തുന്നതിനുമുള്ള ചുമതല ട്രസ്റ്റിന്‍റേതാണ്. അതുപോലെ തന്നെ, ട്രസ്റ്റികള്‍ക്കും, ആത്മീയശുശ്രൂഷകര്‍, സെമിനാരി അധ്യാപകര്‍ തുടങ്ങി എല്ലാവര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങളും വേതനവും എത്രയെന്ന് തീരുമാനിക്കുന്നതും ട്രസ്റ്റ് തന്നെയാണ്. ആത്മീയശുശ്രൂഷകര്‍ക്ക് താമസസൗകര്യവും ശുശ്രൂഷകള്‍ നടത്തുന്നതിനുള്ള സൗകര്യവും ചെയ്തു കൊടുക്കേണ്ടതും ട്രസ്റ്റ് ആണ്. ചുരുക്കത്തില്‍ സഭയുടെ സാമ്പത്തികകാര്യങ്ങള്‍ മാത്രമല്ല ആത്മീയവും, വിശ്വാസപരവുമായ കാര്യങ്ങളിലും ട്രസ്റ്റിന്‍റെ പൊതുവായ തീരുമാനങ്ങളായിരിക്കും നടപ്പിലാകുന്നത്.
ആത്മീയശുശ്രൂഷകള്‍ ലഭിക്കുന്നതിന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചാല്‍ മാത്രം മതി എന്നത് ക്രൈസ്തവവിശ്വാസത്തിന്‍റെ സാമാന്യവത്ക്കരണമാണ്. അടിസ്ഥാനപരമായി പാലിക്കേണ്ടതായ ദൈവികനിയമങ്ങള്‍ക്കോ സഭാനിയമങ്ങള്‍ക്കോ ധാര്‍മ്മികനിയങ്ങള്‍ക്കോ ഇവിടെ പ്രസക്തിയില്ല എന്ന് സാരം. ഇവ പാലിച്ചില്ല എന്നതുകൊണ്ട് കുമ്പസാരം, വി. കുര്‍ബാന സ്വീകരണം, മറ്റ് ആത്മീയാവശ്യങ്ങള്‍ തുടങ്ങിയവ നിഷേധിക്കുവാന്‍ സാധിക്കുകയുമില്ല.
വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള കടന്നുകയറ്റം
സഭകളുടെ വിശ്വാസപരവും ദൈവശാസ്ത്രപരവുമായ പഠനങ്ങളിലോ, ആചാരങ്ങളിലോ ഒരു വിധത്തിലും ഇടപെടുവാനോ അഭിപ്രായം പറയുവാനോ തീരുമാനങ്ങളെടുക്കുവാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ല എന്ന് പറയുമ്പോഴും (വകുപ്പ് 2) നിലവിലുള്ള സഭാസംവിധാനത്തെ തച്ചുടച്ച് മെത്രാന്മാരുടെ നേതൃത്വത്തെ പാടേ നിരാകരിക്കുന്ന പുതിയ ബില്‍ എന്തൊക്കെ മാറ്റങ്ങളാണ് സഭയില്‍ വരുത്തുവാന്‍ സാധ്യതയുള്ളത് എന്ന് പരിശോധിക്കാം.
1. കേവലം ഒരു ട്രസ്റ്റ് മാത്രമായി സഭയെ തരം താഴ്ത്തുന്നു. സഭ ഒരു ചാരിറ്റബിള്‍ ട്രസ്റ്റല്ല. ഉപവി പ്രവര്‍ത്തനം അതിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ്.
2. സഭാനേതൃത്വത്തെ തകര്‍ക്കുകയും സഭാതലവന്‍റെയും, രൂപതാമെത്രാന്മാരുടെയും, സിനഡിന്‍റെയും അവകാശാധികാരങ്ങള്‍ പാടെ നിരാകരിക്കുകയും ചെയ്യുന്നു. സഭാതലവന്‍ സഭാതലട്രസ്റ്റിന്‍റെ അദ്ധ്യക്ഷനെന്ന നിലയിലേക്ക് ചുരുങ്ങും. മറ്റ് ട്രസ്റ്റിന്‍റെ ഭരണത്തില്‍ അദ്ദേഹത്തിന് ഇടപെടുവാന്‍ കഴിയുകയില്ല. രൂപതാദ്ധ്യക്ഷന്‍ രൂപതാതലട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ മാത്രമായിരിക്കും. ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്ക് ഉണ്ടായിരിക്കുകയില്ല.
3. ഇടവകകളെയും രൂപതകളെയും വിഭജിക്കുന്നതിനും, കൂട്ടിച്ചേര്‍ക്കുന്നതിനും കാനന്‍നിയമം അനുശാസിക്കുന്ന രീതികള്‍ അപ്രായോഗികമാകും. സിനഡിനും രൂപതാമെത്രാനുമുള്ള അധികാരങ്ങള്‍ നഷ്ടമാകും.
4. ഇടവക, രൂപത, സഭ എന്നിങ്ങനെ മൂന്നു സ്വതന്ത്ര ട്രസ്റ്റുകള്‍ രൂപപ്പെടുകവഴി സഭയുടെ ദൈവശാസ്ത്രപരമായ ആന്തരികഘടന നശിക്കും.
5 ഇടവകവികാരിമാരുടെ ചുമതല പൂജാരിയുടെ റോളിലേക്ക് ചുരുങ്ങും. പൗരോഹിത്യശുശ്രൂഷ ഒരു ‘തൊഴില്‍’ ആയി അധഃപതിക്കും.
6. ക്രൈസ്തവവിശ്വാസപരിശീലനം, രൂപീകരണം, വിശ്വാസികളുടെ അവകാശങ്ങള്‍, സെമിനാരി പരിശീലനം, അച്ചടക്കം, സഭയെ സംബന്ധിച്ച പ്രത്യേക നിയമങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം വിശാലമായ അര്‍ത്ഥത്തില്‍ ട്രസ്റ്റ് അസംബ്ലികളുടെ തീരുമാനത്തിന് വിധേയമാകും. ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങള്‍ മാത്രം നടപ്പിലാകും. അത് എല്ലായ്പ്പോഴും നന്മയാകണമെന്നില്ല. വ്യക്തിതാല്പര്യങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും ഇതില്‍ കടന്നുകൂടാം.
7. കാനന്‍നിയമത്തെ നിരാകരിക്കുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. ബില്ല് നടപ്പിലാക്കുവാന്‍ ഗവണ്‍മെന്‍റുണ്ടാക്കുന്ന ചട്ടങ്ങളിലും ട്രസ്റ്റിന്‍റെ നിയമാവലികളിലും കാനന്‍നിയമത്തിന് വിരുദ്ധമായതോ കാനന്‍നിയമത്തെ അപ്രസക്തമാക്കുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുവാന്‍ ഇനിയും സാധ്യതകളുണ്ട്. പൊതുവായ സഭാനിയമങ്ങളുടെയും സിനഡ് രൂപംകൊടുത്ത പ്രത്യേക നിയമങ്ങളുടെയും അഭാവം സഭയില്‍ അരാജകത്വം സൃഷ്ടിക്കും. കാനന്‍നിയമം അനുസരിക്കാത്തവര്‍ക്കും ആത്മീയസേവനങ്ങള്‍ ലഭ്യമാക്കേണ്ടതായി വരും.
8. ഇടവക, രൂപത, സഭ എന്നിങ്ങനെയുള്ള വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്ന അധികാരശ്രേണികള്‍ ഇല്ലാതെയാകുമ്പോള്‍ സഭ വിവിധ ഇടവകകള്‍ മാത്രമാകും. സഭയുടെ കൂട്ടായ്മ നഷ്ടമാകും.
9. പൗരോഹിത്യത്തെ ഒരു ശുശ്രൂഷയോ, ദൈവവിളിയോ ആയി കാണാത്ത സാഹചര്യം ഉരുത്തിരിയുകയും പൗരോഹിത്യ ദൈവവിളികള്‍ കുറയുകയും ചെയ്യുന്ന പക്ഷം സ്ത്രീപുരുഷഭേദമെന്യേ എല്ലാവര്‍ക്കും പൗരോഹിത്യത്തിന്‍റെ വാതില്‍ തുറന്നിടുകയും, അനുഷ്ഠാനവിധികള്‍ പഠിച്ച ആരെയും ശുശ്രൂഷകരായി നിയമിക്കുകയും ചെയ്തേക്കാം.
10. കത്തോലിക്കാസഭയില്‍ റോമാ മാര്‍പാപ്പയ്ക്കുള്ള സ്ഥാനവും അധികാരവും നിഷേധിക്കപ്പെടും. മാര്‍പാപ്പായെയും കത്തോലിക്കാ ദൈവശാസ്ത്രത്തെയും, സഭാപ്രബോധനങ്ങളെയും നിരാകരിക്കുന്ന സഭ കത്തോലിക്കാസഭ ആയി തുടരുകയില്ല.
11. ദൈവാലയ നിര്‍മ്മാണം, വിശ്വാസപരിശീലന കേന്ദ്രത്തിന്‍റെ നിര്‍മ്മാണം വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച് കമ്മീഷണറുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. സഭയുടെ നന്മയും വളര്‍ച്ചയുമെന്നതിനേക്കാള്‍ ഗവണ്‍മെന്‍റിന്‍റെ താല്പര്യങ്ങളായിരിക്കും സംരക്ഷിക്കപ്പെടുക.
12. സഭയുടെ വിശ്വാസപാരമ്പര്യങ്ങളെയും, ആചാരങ്ങളെയും, സഭാനിയമത്തെയും മാനിക്കാത്ത തീരുമാനങ്ങള്‍ ചര്‍ച്ച് ട്രൈബൂണല്‍ വഴി നടപ്പിലാക്കിയേക്കാം.
13. കേരളസഭ ആഗോളസഭയില്‍നിന്നും വിച്ഛേദിക്കപ്പെടാന്‍ ഇടയാകുന്നു. ഇടവക, രൂപത, സഭ, ആഗോളസഭ എന്നീ തലങ്ങളിലാണ് സഭാനേതൃത്വം പ്രവര്‍ത്തനക്ഷമമാകുന്നത്. എന്നിരുന്നാലും മാര്‍പാപ്പയ്ക്ക് രൂപതാദ്ധ്യക്ഷനെന്നപോലെ ഓരോ ഇടവകയിലും രൂപതയിലും നേരിട്ട് ഇടപെടുവാനുള്ള അധികാരവും സ്വാതന്ത്ര്യവുമുണ്ട് (CIC 333,1; CCEO 45,1), രൂപതകളില്‍ മെത്രാന്മാരുടെ അധികാരത്തെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടിയാണ് ഈ അധികാരം വിനിയോഗിക്കപ്പെടുന്നത്. സഭയുടെ ആത്യന്തിക നന്മയും കൂട്ടായ്മയുമാണ് ലക്ഷ്യം. ഇടവക ട്രസ്റ്റുകള്‍, രൂപത ട്രസ്റ്റുകള്‍, സഭാതലട്രസ്റ്റുകള്‍ എന്നിങ്ങനെ സ്വതന്ത്രട്രസ്റ്റുകള്‍ ഉണ്ടാകുന്നതോടെ ഈ അധികാരത്തിനും പരിധികള്‍ നിര്‍ണ്ണയിക്കപ്പെടുകയാണ്. ട്രസ്റ്റ് ബില്‍ മാര്‍പാപ്പയുടെ അധികാരത്തെ തീര്‍ത്തും അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇതുതന്നെ ആയിരിക്കും പാത്രിയര്‍ക്കീസിന്‍റെ കീഴിലുള്ള യാക്കോബായ സഭകളുടെയും അവസ്ഥ. ചൈനയിലുള്ളതു പോലെ ‘ദേശീയസഭകള്‍’ (National Church) രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യമായിരിക്കാം പരോക്ഷമായി ഇതിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്.
മേല്പറഞ്ഞപ്രകാരം പരോക്ഷമായിട്ടെങ്കിലും ചര്‍ച്ച് ആക്ട് സഭയുടെ വിശ്വാസപാരമ്പര്യങ്ങളെയും ആചാരങ്ങളെയും ബാധിക്കുമെന്നതില്‍ സംശയമില്ല. വിവിധ ക്രൈസ്തവസമൂഹങ്ങളുടെ ഘടനയിലും, പാരമ്പര്യങ്ങളിലും, ദൈവശാസ്ത്രചിന്തകളിലും, നിയമാവലികളിലുമുള്ള വ്യത്യസ്തതകളൊന്നും ഈ ബില്‍ പരിഗണിച്ചിട്ടില്ല എന്നും പറയേണ്ടതുണ്ട്.
ചര്‍ച്ച് ബില്ലിന്‍റെ ധനതത്ത്വശാസ്ത്രം
മെത്രാന്മാരും വൈദികരും സഭയുടെ മുതല്‍ കട്ടുമുടിക്കുന്നു എന്ന് മുതലക്കണ്ണീരൊഴുക്കുന്നവരുടെ യഥാര്‍ത്ഥലക്ഷ്യം സ്വത്ത് തന്നെയാണ്. ട്രസ്റ്റും ട്രസ്റ്റുകമ്മറ്റികളുമൊക്കെ ആയാല്‍ “കൈകാര്യം” ചെയ്യാന്‍ കിട്ടുന്ന സ്വാതന്ത്ര്യമൊന്നും മെത്രാന്മാരുടെയും വൈദികരുടെയും നേതൃത്വമുള്ളപ്പോള്‍ കിട്ടുകയില്ല എന്നറിയാവുന്നവരാണ് ചര്‍ച്ച് ബില്ലിനുവേണ്ടി വാദിക്കുന്ന ഒരു കൂട്ടര്‍ എന്ന് പറഞ്ഞാല്‍ അതൊരു തരംതാണ വിമര്‍ശനമാണെന്ന് ആരും ധരിക്കരുത്. അമേരിക്കന്‍ നോവലിസ്റ്റായ എഡ്ഗാര്‍ വാട്സണ്‍ ഹോവ് പറയുന്നതുപോലെ “മറ്റുള്ളവരെല്ലാം മോഷ്ടിക്കുന്നവരാണെന്ന് ചിന്തിക്കുന്നയാള്‍ തീര്‍ച്ചയായും കള്ളനായിരിക്കും.” അതു പോലെതന്നെ, ജനാധിപത്യരീതിയില്‍ സഭാഭരണം നടത്തുന്നതിന് ഗവണ്‍മെന്‍റുകള്‍ ഇടപെടുമ്പോള്‍ സഭയുടെ തനിമയും സ്വാഭാവികതയും പരമ്പരാഗതശൈലികളും തച്ചുടച്ചാലും അല്മായവിശ്വാസികള്‍ക്ക് അത് ഗുണകരമാകും എന്നു വിചാരിക്കുന്നവര്‍ക്ക് തെറ്റി. സമൂഹത്തിലെ ചുരുക്കം ചില പ്രമാണിമാരുടെയും പ്രബലന്മാരുടെയും ഭരണമായിരിക്കും ഈ ബില്ലിന്‍റെ മറവില്‍ സഭയില്‍ നടക്കുവാന്‍ പോകുന്നത്. ഭൂരിപക്ഷം വരുന്ന സാമാന്യജനം ഇവിടെയും പുറന്തള്ളപ്പെടും. ‘തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തിനും’ സാമ്പത്തിക താല്പര്യങ്ങള്‍ക്കുംവേണ്ടി മുതലാളി വര്‍ഗത്തോട് നിരന്തരപോരാട്ടം നടത്തി അധികാരം കയ്യാളിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇവിടെ അവശേഷിപ്പിച്ചത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അധികാരം പിടിച്ചുവാങ്ങിയവര്‍ മുതലാളിമാരായതല്ലാതെ ഒന്നും സംഭവിച്ചില്ല. സഭയിലും മറിച്ചൊന്ന് സംഭവിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല.
പിരിവിനെക്കുറിച്ച് പരാതിപറയുന്നവര്‍ തിരിച്ചറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. ചര്‍ച്ച് ആക്ട് നടപ്പിലായാല്‍ കുടുംബങ്ങളുടെ സാമ്പത്തികഭാരം കൂടുകയേയുള്ളൂ. ഗവണ്‍മെന്‍റിലേക്ക് ഓരോ വര്‍ഷവും അടയ്ക്കേണ്ട ഭീമമായ തുക കൂടാതെ ട്രസ്റ്റു കമ്മറിക്കാരുടെ അഥവാ ട്രസ്റ്റികളുടെ അലവന്‍സ്, യാത്രപ്പടി, മറ്റ് ചെലവുകള്‍, ദൈവാലയ ശുശ്രൂഷികളുടെയും ആത്മീയ ശുശ്രൂഷകരുടെയും വര്‍ദ്ധിപ്പിച്ച വേതനം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി പലതിനും പണം തികയാതെ വരും. കുടിശ്ശിക അടയ്ക്കാത്തവരോട് കമ്മറ്റിയോ അസംബ്ലിയോ കരുണ കാണിക്കുമെന്ന് ചിന്തിക്കുവാന്‍ പ്രയാസം. കാനന്‍ നിയമത്തെയും സഭയിലെ ശിക്ഷണനടപടികളെയും മെത്രാന്മാരുടെ അധികാരത്തെയും എതിര്‍ക്കുന്നവര്‍ അന്ന് പുതിയ ശിക്ഷാവിധികള്‍ പുറപ്പെടുവിക്കുകയില്ല എന്ന് വിചാരിക്കാം. ഇടവക വികാരിയോ രൂപതാമെത്രാനോ സഭാതലവനോ ട്രസ്റ്റ് അസംബ്ലിയുടെയോ കമ്മറ്റിയുടെയോ അദ്ധ്യക്ഷനാകുവാന്‍ വിസമ്മതിച്ചാല്‍, മാനേജിംഗ് ട്രസ്റ്റിക്കോ, മാനേജിംഗ് ട്രസ്റ്റിയുടെയും വിസമ്മതത്തില്‍ അസംബ്ലിയോ കമ്മറ്റിയോ ഓരോ സെഷനിലും തീരുമാനിക്കുന്ന വ്യക്തികള്‍ക്കോ അദ്ധ്യക്ഷനാകാമെന്നതിനാല്‍ കമ്മറ്റികളുടെയും അസംബ്ലികളുടെയും ഏതു തിരുമാനത്തിനും വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മൂകസാക്ഷികളാകേണ്ടിവരും.
‘സ്വത്ത് സംബന്ധമായ നിയമങ്ങളെ സഭാധികാരികള്‍ ഭയപ്പെടുന്നു’, ‘സിവില്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി കാനന്‍ നിയമത്തെ ഉപയോഗിക്കുന്നു’ എന്നൊക്കെയുള്ള ധാരണകള്‍ ശരിയല്ല. ദൈവികനിയമത്തിന് എതിരല്ലാത്ത സിവില്‍ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നാണ് കാനന്‍ നിയമം പറയുന്നത്. പക്ഷേ ന്യായമായ ചില അവകാശങ്ങളിന്മേല്‍ അന്യായമായി കടന്നുകയറുവാനുള്ള ശ്രമത്തെയാണ് ഇവിടെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്നത്. അല്മായപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നയംതന്നെയാണ് സഭയുടേത്. എല്ലാ അധികാരവും വിട്ടുകൊടുക്കണം എന്ന് അതിനര്‍ത്ഥമില്ല. നിലവിലുള്ള കാനന്‍നിയമം നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ്. ഒരു സുപ്രഭാതത്തില്‍ അതിനെ നിഷ്പ്രഭമാക്കി വേണ്ടത്ര നിയമപരിജ്ഞാനമോ സഭാവിജ്ഞാനീയമോ ഇല്ലാത്തവരും ഉള്‍പ്പെടുന്ന ഒരു അസംബ്ലിക്ക് എങ്ങനെ ഇതിലും മെച്ചമായ ഒരു നിയമാവലി ഉണ്ടാക്കുവാന്‍ സാധിക്കും എന്നതും ചിന്തിക്കണം. പള്ളിയോഗങ്ങളുടെ ചൈതന്യം നിലനിര്‍ത്തേണ്ടതുതന്നെയാണ്. നിലവിലുള്ള പള്ളിയോഗം നടപടിക്രമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിക്കുവാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. അല്ലാതെ അതു ബഹിഷ്ക്കരിച്ച് സിവില്‍ നിയമത്തിന് എല്ലാം വിട്ടുകൊടുക്കുകയല്ല.
ഉപസംഹാരം
‘ക്രിസ്ത്യന്‍ സഭകളിലെ മൂല്യച്ച്യുതി’യെക്കുറിച്ച് വീറോടെ സംസാരിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഈ സമൂഹത്തിന്‍റെ ഭാഗമാണ് ക്രിസ്ത്യന്‍സഭയും. മൂല്യച്യുതി വന്നിരിക്കുന്നത് ഇന്നത്തെ സമൂഹത്തിനാകമാനമാണ്. അതിന്‍റെ പ്രതിഫലനം ക്രിസ്ത്യന്‍ സഭകളിലുമുണ്ടാകും. സ്വത്വബോധം നഷ്ടപ്പെട്ടവരാണ് സ്വന്തം അസ്തിത്വത്തിന്‍റെ അടിത്തറയിളക്കാന്‍ ശ്രമിക്കുന്നത്.
ജലാസിയൂസ് മാര്‍പാപ്പയുടെ ഇരുഖഡ്ഗസിദ്ധാന്തം (Two Swords Theory) പോലെ സഭയ്ക്കകത്ത് ഭൗതികവും ആത്മീയവുമായ തലങ്ങള്‍ രണ്ട് ജലരോധകമായ അറകളായിട്ടല്ല നിലകൊള്ളുന്നത്. ആത്മീയകാര്യങ്ങളോട് ചേര്‍ന്നുപോകുന്നതോ ആത്മീയലക്ഷ്യങ്ങളെ പിന്‍താങ്ങുന്നതോ ആയ ഭൗതികകാര്യങ്ങളും അവയുടെ ഭരണവുമാണ് സഭയിലുള്ളത്. ആത്മീയതയെ തകര്‍ക്കുകയോ തളര്‍ത്തുകയോ ചെയ്യുന്നവരുടെ കൈകളില്‍ ഭൗതികവസ്തുക്കളുടെ ഭരണം വന്നുചേരുമോ എന്നുള്ള ഭയം ന്യായമായിട്ടുമുണ്ട്. ബില്ലില്‍ സഭയെക്കുറിച്ചും ട്രസ്റ്റ് അംഗങ്ങളെക്കുറിച്ചുമൊക്കെയുള്ള വിശദീകരണങ്ങളും പരാമര്‍ശങ്ങളും ആ ഭയത്തെ സ്ഥിരപ്പെടുത്തുന്നതാണ്. അതോടൊപ്പം കാനന്‍നിയമത്തിനെതിരായ സൂചനകള്‍ നിലവിലുള്ള സഭാസംവിധാനത്തെ തകര്‍ക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം എന്ന ബോധ്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. മാത്രവുമല്ല ട്രസ്റ്റ് അസംബ്ലികളും തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ കിടമത്സരത്തിന്‍റെയും ചേരിതിരിഞ്ഞുള്ള പോര്‍ വിളികളുടെയും വേദികളായി ഭാവിയില്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ചർച്ച് ബില്ലും അനുബന്ധചിന്തകളും 
13 Friday December 2019 സത്യ ദീപത്തിൽ വന്ന ലേഖനം.
https://joyvarocky.blogspot.com/2019/11/2009.html കൃഷ്ണയ്യർ കമ്മീഷന്റെ കരട് ബിൽ ഈ ലിങ്കിൽ കയറിയാൽ വായിക്കാം  

1 comment:

  1. എന്താണ് ചര്‍ച്ച് ആക്ട്?
    കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ സമൂഹസമ്പത്തും സ്ഥാപനങ്ങളും ഭരണത്തിനും നടത്തിപ്പിനുമായി നിയമ പരിഷ്കരണ കമ്മീഷൻ 2009 ൽ കേരള സർക്കാരിന് ശുപാര്ശ ചെയ്ത ബില്ലിന്റെ പേര് കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റ്യുഷൻസ് ട്രസ്റ്റ് ബിൽ 2009 എന്നാണ്. ഇടവക്കാരുടെ സമ്പത്തും സ്ഥാപനങ്ങളും രൂപതാമെത്രാന്മാർ ഭരിക്കുന്നത് ധാർമ്മികമല്ല. അന്യന്റെ വസ്തുവഹകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കൈവശപ്പെടുത്തി ഏകാധിപത്യപരമായി രൂപതാ മെത്രാന്മാർ കൈകാര്യം ചെയ്യുന്നതിനെതിരെ പരാതിയും നിവേദനങ്ങളും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് കൃഷ്‌ണയ്യർ കമ്മീഷൻ ഇങ്ങിനെയൊരു കരട് ബിൽ ശുപാര്ശ ചെയ്തത്.
    2019-ല്‍ ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായ നിയമപരിഷ്കരണ കമ്മീഷന്‍ ‘ചര്‍ച്ച് ആക്ട് ബില്‍ 2019’ എന്ന ഒരു ബില്ലിന്റെ കരട് കമ്മീഷന്റെ വെബ്‌സൈറ്റിൽ ഇട്ടെങ്കിലും എതിർപ്പുകൾ വന്നതിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു
    ഡോ. ജോര്‍ജ് തെക്കേക്കര, MCL, DCL, LLB, LLM. ചർച്ച് ബില്ലും അനുബന്ധചിന്തകളും എന്ന പേരിൽ
    13 Friday December 2019 സത്യ ദീപത്തിൽ തികച്ചും തെറ്റിദ്ധാരണാ പരമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചീട്ടുണ്ട് അതും കൃഷ്ണയ്യർ കമ്മീഷന്റെ കരട് ബില്ലും ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്തീട്ടുണ്ട്.

    ReplyDelete