Monday, November 18, 2013

GADGIL REPORT


Posted: 18 Nov 2013 12:55 AM PST          COURTESY: online@madhyamam.com

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
കുണ്ടറ: പശ്ചിമഘട്ടത്തെ നിലനിര്‍ത്താനുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും മതമേധാവികളും  പാറ-റിയല്‍ എസ്റ്റേറ്റ്-ടൂറിസം മാഫിയകളുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. കുണ്ടറ സര്‍ഗ സാംസ്കാരിക സാര്‍വദേശീയ സമിതിയുടെ അഞ്ചാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടം അതിന്‍െറ താഴ്വാരങ്ങളില്‍ താമസിക്കുന്നവരുടേത് മാത്രമല്ല, കേരളത്തിന്‍െറ മൊത്തം സമ്പത്താണ്. കേരളത്തിന്‍െറ ഹരിതാഭയും സമ്പന്നതയും പശ്ചിമഘട്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്.  മത്സ്യസമ്പത്തിനും കാര്‍ഷിക സമ്പത്തിനും അടിസ്ഥാനം സഹ്യപര്‍വത നിരകളാണ്. ഗാഡ്ഗില്‍ പ്രത്യേക നിയമമൊന്നും കൊണ്ടുവന്നിട്ടില്ല. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിന്‍െറ ഭാഗമായി പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരല്ല. അത് പാറ മാഫിയകള്‍ക്കും കൈയേറ്റമാഫിയക്കും ടൂറിസ്റ്റ് മാഫിയക്കും മാത്രമാണ് എതിരാവുന്നത്.  കേരളത്തില്‍ ടൂറിസം ഉള്‍പ്പെടെ ആകര്‍ഷകമാകുന്നതിന്‍െറ പ്രധാന അടിസ്ഥാനം പശ്ചിമഘട്ടമലനിരകളാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ മാഫിയ സ്പോണ്‍സേഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ എ. ജെയിംസിനെയും കെ.പി.ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്‍ട്ടിസ്റ്റ് ലെവി രവികുമാര്‍ കുറ്റിപ്പുറം സോളമന്‍ അനുസ്മരണം നടത്തി. ജോളി നെല്‍സണ്‍, വെള്ളിമണ്‍ രാജേന്ദ്രന്‍, പ്രഫ. വെള്ളിമണ്‍ നെല്‍സണ്‍, ഫെലിക്സ് വില്‍ഫ്രഡ് മിരാന്‍റ, ഡി.ജോയ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment