Saturday, November 23, 2013

Bishop Rimijios Injananiyil



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി ബിഷപ്പ്:

Madhyamam 14/01/2014

 

കേരളം രക്തക്കളമാകുമെന്ന് ഭീഷണി

Bishop-Ramjous

കോഴിക്കോട്:  കസ്തൂരി രംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കിയാല്‍ വന്‍ രക്തച്ചൊരിച്ചിന് സംസ്ഥാനം സാക്ഷിയാകേണ്ടിവരുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. കോഴിക്കോട്ട് പശ്ചിമഘട്ട സമരസമിതി ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 റിപോര്‍ട്ട് നടപ്പാക്കുന്ന പക്ഷം 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല പോലുള്ള സംഭവത്തിന് സംസ്ഥാനം സാക്ഷിയാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമഘട്ട മേഖലയില്‍ മറ്റൊരു നക്‌സല്‍ പ്രസ്ഥാനത്തിന് കാരണമാകുന്ന രീതിയിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നടപടികളിലൂടെ  ജനങ്ങളെ നക്‌സലേറ്റുകളാക്കരുതെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.
 കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെതിരെ നടത്തിവരുന്ന സമരം അവസാനിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ അത്ര വേഗത്തില്‍ റിപോര്‍ട്ട് നടപ്പാക്കില്ലെന്നുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉറപ്പിനെ തുടര്‍ന്ന് വലിയരീതിയില്‍ നടത്താന്‍ ഉദ്ദേശിച്ച പ്രക്ഷോഭങ്ങള്‍ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 അതേസമയം റിപോര്‍ട്ട് പിന്‍വലിക്കുന്നതു വരെ സമരം നടത്തുമെന്നും വേണ്ടിവന്നാല്‍ സമരം നടത്തി മരിച്ചുവീഴാനും താന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം സമരം പിന്‍വലിച്ചുവെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ റിപോര്‍ട്ട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 വ്യാഴാഴ്ച 25,000 പേരുടെ നോതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും  സമരത്തിനുള്ളില്‍ അക്രമികള്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം താമരശ്ശേരിയില്‍ ബാറും മറ്റു വാഹനങ്ങളും കത്തിച്ച സംഭവത്തിനു പിന്നില്‍  ഇടത് വലത് സംഘടനകള്‍ അല്ലെന്നും വ്യക്തമാക്കി.
 എന്നാല്‍  അത് ആരാണെന്ന് കണ്ടുപിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത്  പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു റിപോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
 അതേസമയം ബിഷപ്പിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് വയനാട് എം.പി എം.ഐ ഷാനവാസ് രംഗത്തെത്തി. റിപോര്‍ട്ടിന്റെ പേരില്‍ കര്‍ഷകദ്രോഹ നടപടിയുണ്ടായാല്‍ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No comments:

Post a Comment