പല്ല് തേച്ച് പ്രാതലിനിരുന്നു.
ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍.
രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു.
രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു.
രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു.
രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു.
രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു.
ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത്
അകത്താക്കി.
പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത്
ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ,
പപ്പടം, മോര്.
ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.
മൂന്നരയ്ക്ക് ചായ പലഹാരം.
അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു.
മൂന്നെണ്ണം തിന്നു.
തളരുവോളം ചായ കുടിച്ചു.
സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി.
ബാറില്‍ കയറി നാലെണ്ണം പൂശി.
രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും.
ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.
പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു.
ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു.
ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു.
തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു.
ഇനി മരിക്കാം.
ഇതൊരു ചാന്‍സാണ്.
മരിക്കാന്‍ കിടന്നു.
യഥാസമയം മരിച്ചു.
പുലര്‍ച്ചെ ശവമെടുത്തു.
വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു.
അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ ?
📖 നിലനില്പീയം
📖✍️ വി.കെ.എൻ .
No comments:
Post a Comment