Thursday, June 20, 2024

middle age - Madhavikutty

 



മാധവിക്കുട്ടിയുടെ middle age എന്നൊരു ഇംഗ്ലീഷ് കവിതയുണ്ട്. അതിൽ അവർ ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നുണ്ട്..

ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവയിത്രി വിശദീകരിക്കുന്നു. 

എന്നാൽ കുട്ടി കാലത്തു അമ്മയുടെ കൂടെ പോകാൻ കുഞ്ഞു ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ അമ്മ തന്റെ മക്കളുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാദാസ് പറഞ്ഞു വെക്കുന്നു. 

മധ്യവയസ്സ് എത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായ ഉണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും മാത്രമായിരിക്കും. ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നെയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളെയും വസ്ത്രങ്ങളെയും ഒറ്റക്കിരുന്നു വിങ്ങലോടെ തടവുന്നത് കവിയത്രി വിശദീകരിക്കുന്നുണ്ട്..

ഇത്രയും ആകുമ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ റൂമിൽ കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു..

ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ 'മ്മമ്മയെയും കൂട്ടുമോ.. ' എന്ന് എന്റെ മകനോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് ഒന്നാക്കി തരുമോ എന്ന ചോദ്യത്തിന് എനിക്ക് തിരക്കാണ്, നിങ്ങൾ ഒറ്റക്ക് പൊയ്ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെ പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു..

എന്റെ അമ്മയെയും ഞാനൊരു മധ്യവയസ്‌ക ആക്കിയിരിക്കുന്നു...

മാധവിക്കുട്ടിയുടെ ‘Middle Age’ എന്ന കവിത കവി സച്ചിദാനന്ദൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘മധ്യവയസ്സ്’ എന്ന തലക്കെട്ടില്‍. ഈ എഴുത്തിന്റ്റെ കൂടെ ആ കവിതയും കൂടി വായനക്കാർക്ക് 

ആസ്വദിക്കുവാൻ ഇവിടെ ചേർക്കുന്നു.

മധ്യവയസ്സ്... ❗

കുട്ടികൾ കൂട്ടുകാരാവുന്നതിനു പകരം

കറുത്ത മുഖവും കടുത്ത നാവുമുള്ള

വിമർശകരാകുന്ന കാലം.

അതാണ് മധ്യവയസ്സ്

പ്യൂപ്പകളെപ്പോലെ ഉറപൊട്ടിച്ച്

പക്വതയുടെ നിർദയകീർത്തിയിൽ

അവർ പുറത്തുവരുന്ന കാലം

ചായ കൊടുക്കാനോ വസ്ത്രം ഇസ്ത്രിയിട്ടുകൊടുക്കാനോ

ഒഴിച്ചൊന്നിനും അവർക്കു നിങ്ങളെ വേണ്ടാ,

എന്നാൽ നിങ്ങൾക്കവരെ വേണം.

അവർ പൊയ്ക്കഴിയുമ്പോൾ

നിങ്ങൾ അവരുടെ പുസ്തകങ്ങളും സാധനങ്ങളും

തൊട്ടുനോക്കി ആരും കാണാതെ

തേങ്ങിക്കരയുന്നു

അത്രയേറെ നിങ്ങൾക്കവരെ വേണം.

ഒരിക്കൽ സ്വർണമഷികൊണ്ട്

കാട്ടുവിരുന്നിനുള്ള അണ്ണാരക്കണ്ണന്റ്റെ ക്ഷണമെഴുതി

മകന് നിങ്ങൾ രാത്രി പോസ്റ്റു ചെയ്യുമായിരുന്നു

അതേ മകൻ വെറുപ്പോടെ തിരിഞ്ഞുനിന്ന്

‘അമ്മേ, നിങ്ങൾ ജീവിതം മുഴുവൻ സ്വപ്നലോകത്തിലാണ്

കഴിഞ്ഞുകൂടിയിരുന്നത്, അതിൽനിന്ന്

ഉണരാറായി, നിങ്ങൾക്കിപ്പോൾ അത്ര

ചെറുപ്പമല്ലെന്നറിയാമല്ലൊ’ എന്ന്

നിങ്ങളെ നോക്കി വിളിച്ചുപറയുന്ന കാലം

അതാണ് മധ്യവയസ്സ്.. 


കടപ്പാട്.




No comments:

Post a Comment