Saturday, August 1, 2015

'ഭിന്ദ്രന്‍ വാലാ'മാരെ ഇനിയും വളര്‍ത്തണോ?- സഭയുടെ സമ്പത്ത് വിദേശ കാനോന്‍ നിയമപ്രകാരം കൈവശപ്പെടുത്തി നാട്ടുരാജവിനെപ്പോലെ സമൂഹത്തെ ഏകാധിപത്യ പരമായി ഭരിക്കുന്ന സൂസാപാക്യം പോലുള്ള ബിഷപ്പന്മാരെ വളര്‍ത്തിയത് ഇവിടുത്തെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ്. ഇവര്‍ 'ഭിന്ദ്രന്‍ വാലാ'യെപ്പോലെ ആയിമാറി. ഇവരുടെ കൈവശത്തിലിരിക്കുന്ന സമൂഹസമ്പത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുശാസിക്കുന്ന പ്രകാരം ഒരു നിയമം നിര്‍മ്മിച്ച്‌ സഭാജനങ്ങളെ ഏല്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ മുന്നോട്ട് വരണം.


'ഭിന്ദ്രന്‍ വാലാ'മാരെ ഇനിയും വളര്‍ത്തണോ?


vince-mathew-writerവിന്‍സ് മാത്യു pravasishabdam
ഇത്തരത്തില്‍ ഒരു തലക്കെട്ടില്‍ ഈ ലേഖനം എഴുതേണ്ടിവന്നതില്‍ വിഷമം ഉണ്ട്. എന്നാല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധികൃതരും വലിയ പുരോഹിതശ്രേഷ്ഠന്‍ സൂസാപാക്യത്തേയുമാണ് ഇവിടെ തലക്കെട്ടില്‍ ഉദ്ദേശിക്കുന്നത്. കേരളത്തിനെ ലോക ഭൂപടത്തില്‍ എത്തിക്കുന്ന അത്യപൂര്‍വ്വ വികസന സാധ്യതകള്‍ ഉള്ള പദ്ധതിയെ ക്രിസ്ത്യാനികള്‍ അട്ടിമറിക്കുന്നു എന്ന സത്യം ഞെട്ടല്‍ ഉണ്ടാക്കാം. ക്രിസ്ത്യാനികള്‍ക്ക് ഇതു വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ വിശ്വസിച്ചേ തീരൂ. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് ഞായറാഴ്ച്ച (2/08/2015) തിരുവനന്തപുരം ലത്തീന്‍ അതിരൂപത പള്ളികളില്‍ ഇടയ ലേഖനം വായിക്കുകയാണ്. ക്രിസ്ത്യാനികള്‍ വിഴിഞ്ഞത്തിനെതിര് എന്ന ദുഷ്‌പേര്‍ ഉണ്ടാക്കാന്‍ ഈ ഇടയ ലേഖനത്തിനു സാധിച്ചു. ഇടയ ലേഖനം അച്ചടിച്ച് തിരുവനന്തപുരം രൂപതയുടെ എല്ലാ പള്ളികളിലും എത്തിച്ചു കഴിഞ്ഞു. പദ്ധതി ഈ നിലയില്‍ മുന്നോട്ട് പോയാല്‍ എന്തു വില കൊടുത്തും തടയുമെന്നാണ് ഇടയലേഖനത്തിന്റെ ഉള്ളടക്കം. ക്രിസ്ത്യാനികള്‍ എന്തായാലും വിഴിഞ്ഞം പദ്ധതിക്ക് എതിരാണെന്നു കരുതാന്‍ വയ്യ. എന്നാല്‍ ഈ ഇടയ ലേഖനം വായിക്കുന്ന പള്ളികളും, തായാറാക്കിയ അതിരൂപതാ നേതൃത്വത്തേയും ക്രിസ്ത്യാനികളുടേതാണ്. വിശ്വാസികളെയല്ല പൊതുജനം ക്രിസ്ത്യാനികള്‍ ആയി കരുതുന്നത്. വിശ്വാസികള്‍ക്ക് സഭയിലും, പള്ളിയിലും എന്തുകാര്യം?. മെത്രാന്മാരും അരമന വാഴുന്നവരും പള്ളിമേടകളില്‍ വാഴുന്നവരുമൊക്കെയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍. അവര്‍ പറയുന്നു വിഴിഞ്ഞം പദ്ധതി നടപ്പാക്കില്ലെന്ന്. കേരളത്തിലേ സകലമാന കത്തോലിക്കര്‍ക്കും ചീത്തപ്പേരും, വിമര്‍ശനവും കിട്ടുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെ നീങ്ങുന്ന അരമന വാഴികകളുടെ ഇടയലേഖനം. തുറമുഖം വരുന്നതിനേ എതിര്‍ത്തവര്‍ ആരെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഇടതു പക്ഷമോ, പരിസ്ഥിതിക്കാരോ അല്ല. സാക്ഷാല്‍ തിരുവനന്തപുരത്തേ ലത്തീല്‍ കത്തോലിക്കാ അരമനയിലേ ഗൂഢാലോചനയായിരുന്നു. ഇവര്‍ സി.പി.എമ്മിനെ പോലും ഇതിനായി രംഗത്തിറക്കാന്‍ പല നീക്കവും നടത്തിയിരുന്നു. എന്നാല്‍ ജനരോഷം ഭയന്ന് സി.പി.എം ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറി.
എന്താണ് ഇടയ ലേഖനത്തിലേ രാഷ്ട്രീയം: ഇടയ ലേഖനം എന്ന പദപ്രയോഗം ബൈബിളില്‍ ഇല്ല. സഭാമേലധ്യക്ഷന്മാര്‍, ഇടയന്മാര്‍ക്കു എഴുതുന്ന കത്തുകളായി ഇടയ ലേഖനങ്ങളെ കണക്കാക്കാം. ഇന്നു കാണുന്ന ഇടയ ലേഖനങ്ങളുടെ വിഷയം ഏറക്കുറെ പൂര്‍ണ്ണമായും രാഷ്ട്രീയ കാര്യങ്ങളാണ്. രാഷ്ട്രീയം പള്ളിയില്‍ പറയാന്‍ മെത്രാമാരും, സഭാ മേലധ്യക്ഷന്മാരും കാണുന്ന വാറോലകളായി പലപ്പോഴും ഇടയലേഖനങ്ങള്‍ വഴിമാറുന്നു.
ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപതയുടെ ഇടയ ലേഖനത്തിന്‍ പറയുന്നത് ‘തീരദേശത്തെ ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പദ്ധതി തടസപ്പെടുത്തുമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. പുനരധിവാസ പാക്കേജിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു. കേരളത്തിലേ മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ല, അത് നടപ്പാക്കണം. പദ്ധതിക്കെതിരെ ആവശ്യമെങ്കില്‍ ജനങ്ങളെ അണിനിരത്തും.’കേരളത്തിലേ ജനസമൂഹം ആഗ്രഹിക്കുന്ന ഒരു സുവര്‍ണ്ണ പദ്ധതി തടയുമെന്നും, നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും പറയാന്‍ ക്രിസ്ത്യന്‍ നേതൃത്വത്തിനു എവിടെനിന്നും കിട്ടി ചങ്കൂറ്റം? സഭയിലേ മഹാ ഭൂരിപക്ഷത്തിന്റെയും നിലപാടല്ലിത്. ബിഷപ്പ് സൂസപാക്യവും അനുചരന്മാരും കൂടിയിരുന്നു ഒരു മുറിയില്‍ ചര്‍ച്ചചെയ്ത് എടുത്ത് കൈവിരളിലെണ്ണാവുന്ന ആളുകളുടെ തീരുമാനം മാത്രമാണിത്. എന്തേലുമൊക്കെ അരമനകളില്‍ ഇരുന്ന് തീരുമാനിച്ചും പടച്ചു വിട്ടും അതിന്റെ പേരില്‍ വിശ്വാസികളെ ഇറക്കുക. ഈ പരിപാടി വിഴിഞ്ഞത്തും നടപ്പാക്കാന്‍ ശ്രമിക്കുന്നു.കേരളത്തിലേ ചില ഭാഗങ്ങളില്‍ പരിസ്ഥിതി പരമായ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അത് കേരളത്തിന്റെ പൊതു ധാരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് ജന പിന്തുണകിട്ടിയില്ല. പദ്ധതിക്കെതിരെ ചില വിമര്‍ശനം ഇടതു സംഘടനകള്‍ ഉന്നയിച്ചെങ്കിലും പദ്ധതി നഷ്ടപ്പെടുമോ എന്ന പേടിയില്‍ അവരും പിന്‍മാറി. എന്നാല്‍ ക്രിസ്ത്യന്‍ നേതൃത്വം ഇപ്പോള്‍ പരസ്യമായി പദ്ധതിക്കെതിരെ വന്നിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. കേരളം ഭൂരിപക്ഷവും ആഗ്രഹിക്കുന്ന, ക്രിസ്ത്യാനികള്‍ മഹാ ഭൂരിപക്ഷവും അനുകൂലിക്കുന്ന ഒരു പദ്ധതിയേ തള്ളിപ്പറയാന്‍ എവിടെ നിന്നാണ് ലത്തീന്‍ കത്തോലിക്കാ നേതൃത്വത്തിനു ധൈര്യം കിട്ടിയത്?. ഈ ഇടയ ലേഖനം പരിസ്ഥിതിയുടെ പേരിലല്ല, കേരളത്തിന്റെ ഭാവിക്കു വേണ്ടിയല്ല, തീരെ പ്രദേശത്തു താമസിക്കുന്ന ആളുകളുടെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. അവരുടെ വിഷയങ്ങള്‍ പരിഹരിക്കേണ്ടതാണ്. തര്‍ക്കമില്ല. മത്സ്യ തൊഴിലാളികളേയും സംരക്ഷിക്കണം തര്‍ക്കമില്ല. ഈ വിഷയങ്ങള്‍ പ്രാദേശികമാണ്. എന്നാല്‍ ഈ പേരില്‍ ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു പദ്ധതിയല്ല മുടക്കേണ്ടത്. ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുകയും പദ്ധതി നടപ്പാക്കാന്‍ സഹകരിക്കുകയുമാണ് വേണ്ടത്. മറ്റൊന്ന് കേരളത്തിലേ മുഴുവന്‍ മല്‍സ്യ തൊഴിലാളുകളുടേയും അപസ്‌തോലമാരായി ലത്തീന്‍ സഭാ നേതൃതം വല്യേട്ടന്‍ ചമയുകയാണ്. മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജും കാട്ടി വിഴിഞ്ഞത്തേ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തിലേ മല്‍സ്യത്തൊഴിലാളികളുടെ പേരില്‍ ലത്തീന്‍ കത്തോലിക്കാ നേതൃത്വം വിഴിഞ്ഞം പദ്ധതിയേ ബാളാക്‌മെയില്‍ ചെയ്യുന്നു.വിഴിഞ്ഞം പദ്ധതി
ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍.  തുറമുഖത്തിന്റെ അവകാശത്തിനായി 7ആം നൂറ്റാണ്ടില്‍ ഈ തീരത്തുവച്ച് ചോള പാണ്ഡ്യ യുദ്ധം നടന്നു. 6,7 നൂറ്റാണ്ടുകളിലേ രാജാക്കന്മാരുടെ തുറമുഖ നഗരമായിരുന്നു വിഴിഞ്ഞം. എന്നാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖം എന്ന വജ്രഖനി യാഥാര്‍ത്ഥ്യ ക്കാന്‍ കഴിഞ്ഞില്ല.  രാജ്യാന്തര കപ്പല്‍ ചാലിനടുത്ത് നല്ല ആഴത്തില്‍ കിടക്കുന്ന രാജ്യത്തേ ഏക തീരം. പൂര്‍ത്തീകരിച്ചാല്‍ ഏഷ്യയിലേ ഏറ്റവും വലിയ അന്തര്‍ദേശീയ തുറമുഖം.
എന്തിനാണ് വിഴിഞ്ഞത്തിനെതിരെ ഗൂഢനീക്കം നടത്തുന്നതെന്ന് ബിഷപ്പ് സൂസപാക്യത്തിനറിയാം. വിഴിഞ്ഞം തീരത്തേ കുറെ ആളുകളുടെ വിഷയവും, മല്‍സ്യ ത്തൊഴിലാളിയുമല്ലാതെ മറ്റ് എന്തെങ്കിലും ഉദ്ദേശ്യം ലത്തീല്‍ സഭാ നേതൃത്വത്തിനുണ്ടാകുമോ? സൂസാപാക്യവും അരമന വൃന്ദവും നടത്തുന്ന ഗൂഢമായ നീക്കം ആര്‍ക്കുവേണ്ടിയായിരിക്കും?. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപെട്ട് ക്രിസ്ത്യാനികളെ മുന്‍ നിര്‍ത്തി വിലപേശല്‍ നടത്തിയിട്ട് എന്തെല്ലാം നേട്ടമാണ് ഉദ്ദേശിക്കുന്നത്. ചര്‍ച്ചയിലൂടേയും സമവായത്തിലൂടെയും പരിഹരിക്കേണ്ട ചെറിയ വിഷയങ്ങളുടെ പേരില്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വം കേരളത്തിലേ ജനങ്ങളോടും അവരുടെ അഭിമാന പദ്ധതിയോടും യുദ്ധ പ്രഖ്യാപനമാണ് നടത്തുന്നത്. ബിഷപ്പ് സൂസപാക്യത്തിന് പണ്ട് മുതലേ ഒരു വിചാരമുണ്ട്. താനറിയാതെ തിരുവനന്തപുരത്ത് ഒന്നും ചലിക്കാന്‍ പാടില്ലെന്ന്. തിരുവനന്തപുരത്തേ പ്രധാനമന്ത്രി എന്നുപോലും അദ്ദേഹം ചിലപ്പോള്‍ സ്വയം നടിക്കാറുണ്ട്. വിഴിഞ്ഞം പദ്ധതി കാര്യം ഇനി മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും, അദാനിയും സൂസപാക്യവുമായി ചര്‍ച്ചചെയ്യണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്.
ഈ ഇടയ ലേഖനത്തിനെതിരേ രംഗത്ത് വരേണ്ടത് ക്രിസ്ത്യാനികള്‍ തന്നെയാണ്. കാരണം നാലാകിട രാഷ്ടീയത്തേ പോലും തോല്‍പ്പിക്കുന്ന ഈ കച്ചവട കണ്ണിന്റെ ലേഖനത്തില്‍ വിശ്വാസവുമില്ല, ക്രിസ്ത്യാനിയുമില്ല, ക്രിസ്തുവുമില്ല. കത്തോലിക്കരുടേയും, ക്രിസ്ത്യാനികളുടേയും പേരില്‍ എന്തു തോന്ന്യവാസവും കാട്ടാന്‍ വൈദീക പദവികള്‍ ദുരുപയോഗം ചെയ്യുകയാണ്. ഈ ഇടയ ലേഖനം ശരിക്കും വായിക്കേണ്ടത് പള്ളികളിലല്ല, അത് തമ്പാനൂരിലേ ഫുട്പാത്തില്‍ നിന്നോ, സിക്രട്ടറിയേറ്റ് നടയില്‍ നിന്നോ വായിച്ച് പ്രതിഷേധിച്ചാല്‍ മതിയായിരുന്നു. പള്ളികളില്‍ വായിക്കാന്‍ ഒരു ദൈവീക ചൈതന്യവും ഇല്ലാത്ത ഈ ഇടയലേഖനം തയ്യാറാക്കിയവരുടെ വ്യക്തിപരമായ കച്ചവട ചിന്തകളാണ്.
courtesy: http://www.pravasishabdam.com/latin-catholic-bishop-soosapakyam-against-vizhinjam-project/#sthash.kXVcUjka.gbpl&st_refDomain=www.facebook.com&st_refQuery=/ 
  

No comments:

Post a Comment