പോക്കുവരവ്
·
#പോക്കുവരവ്_ എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെ മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ കൂട്ടൽ” എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ കൈയിൽ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്. പട്ടയത്തിന്റെ ഉടമസ്ഥനെ “പട്ടയദാരൻ” എന്നാണ് വിളിക്കുക.
ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. സർക്കാരിൽ ഭൂമിയുടെ ഉടമസ്തതയെ കുറിച്ചുള്ള പ്രധാന രേഖയാണിത്. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും വില്ലജ് ഓഫീസിൽ എത്തിക്കണം. വിവരങ്ങൾ പുതിയ ഒരു പുസ്‌തകത്തിൽ (തണ്ടപ്പേര് രജിസ്റ്റർ) പുതിയ അവകാശിയുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി പൂർണ്ണ അവകാശം ആകുന്നത്. പിന്നീട് അയാളുടെ പേരിൽ കരം അടക്കാനും സാധിക്കും.
പോക്കുവരവ് (Land Mutation) നെക്കുറിച്ചുള്ള ചില പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളും
ചോ: എന്താണ് പോക്കുവരവ്?
ഉ: ഭൂമിയുടെ ഉടമസ്ഥാവകാശം മാറുന്നതനുസരിച്ച്, ഏറ്റവും പുതിയ ഭൂഉടമയുടെ പേരിൽ നികുതി (കരം) പിരിക്കുന്നതിനായി വില്ലേജ് രേഖകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് പോക്കുവരവ് എന്നു പറയുന്നത്.
ചോ: ഭൂമി പോക്കുവരവ് നടത്തിയിട്ടില്ലെങ്കിൽ എന്താണ് പ്രശനം?
ഉ: വീട് / കെട്ടിട നിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് ലോൺ എന്നിവയ്ക്ക് അനുമതി ലഭിക്കുകയില്ല. ടൊറെൻസ് സംവിധാനം ഉള്ള സ്ഥലങ്ങളിൽ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ സാധിക്കുകയില്ല.
ചോ: എങ്ങനെയാണ് പോക്കുവരവ് ചെയുന്നത്?
ഉ: രജിസ്‌ട്രേഷൻ അഥവാ ആധാരം നടത്തപ്പെടുന്നത് രജിസ്റ്റർ ഓഫീസിലും, പോക്കുവരവ് നടക്കുന്നത് വില്ലേജ് ഓഫീസിലുമാണ്. ആധാരം നടന്നു കഴിഞ്ഞാൽ 40 ദിവസത്തിനകം വില്ലേജ് ഓഫിസിൽ ഓൺലൈനായി അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിനെ തുടർന്ന് വില്ലേജ് ഓഫീസർ പ്രസ്തുത ഭൂമി സ്വമേധയാ പോക്കുവരവ് ചെയ്ത് നൽകണം എന്നതാണ് നിയമം.
ചോ: വാങ്ങാൻ പോകുന്ന ഭൂമി / കൈവശം ഉള്ള ഭൂമി / അവകാശമായി ലഭിക്കാൻ പോകുന്ന ഭൂമി പോക്കുവരവ് ചെയ്തതാണോ എന്ന് എങ്ങനെ അറിയാം?
ഉ: അതിനായി ആദ്യം പരിശോധിക്കേണ്ടത് കരം അടച്ച രസീതാണ്. കരം അടച്ച രസീതിലെ തണ്ടപ്പേർ നംമ്പർന് സബ്ഡിവിഷൻ ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന്, തണ്ടപ്പേർ നമ്പർ 1167 എന്നോ 365 എന്നോ 94 എന്നോ പോലുള്ളവ ആയിരിക്കണം. പകരം 1167/2 എന്നോ 365/3 എന്നോ 94/2 എന്നോ ആയിരിക്കരുത്. തണ്ടപ്പേർ നംമ്പറിന് സബ്ഡിവിഷൻ ഉണ്ടെങ്കിൽ പോക്കുവരവ് ചെയ്തിട്ടില്ല എന്നതിന്റെ സൂചനയാകാം. മറ്റൊന്ന്, കരം അടച്ച രസീതിലെ വിശദാംശങ്ങൾ എന്ന ഭാഗത്തെ വ്യക്തിയുടെ പേരും, ഒടുക്കുന്നയാൾ എന്ന ഭാഗത്തെ വ്യക്തിയുടെ പേരും, ആധാരത്തിലെ ഭൂഉടമയുടെ പേരും ഒന്നു തന്നെ ആയിരിക്കണം. അത് മൂന്നും ഒരേ പേര് തന്നെയല്ലെങ്കിൽ, പോക്കുവരവ് ചെയ്തിട്ടില്ല എന്നതിന്റെ മറ്റൊരു സൂചനയാകാം.
ചോ: പരിശോധിക്കേണ്ട മറ്റേതെങ്കിലും രേഖകൾ ഉണ്ടോ?
ഉ: കരം ഒടുക്കിയ രസീതിലെ മേൽ പറഞ്ഞ കാര്യങ്ങൾ ഇടപാടിന്റെ ആരംഭത്തിൽ തന്നെ പരിശോധിക്കുക. അവ കൃത്യമാണെങ്കിൽ, പ്രസ്തുത ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. എങ്കിലും മുഴുവൻ പണവും കൊടുക്കുന്നതിന് മുൻപ്, ആധാരം ചെയ്യുന്നതിനും മുൻപ് ROR എന്ന രേഖ കൂടി പരിശോധിച്ച്, പോക്കുവരവ് 100 % ഉറപ്പ് വരുത്തുക. ROR-ൽ പാട്ടാദാരുടെ പേര് എന്ന ഭാഗത്തെ വ്യക്തിയുടെ പേര്, മേൽ പറഞ്ഞ കരം അടച്ച രസീതിലെ വിശദാംശങ്ങൾ, ഒടുക്കുന്നയാൾ, കൂടാതെ ആധാരത്തിലെ ഉടമയുടെ പേര് എന്നിവയുമായി ഒത്തു നോക്കി, എല്ലാം ഒരു പേര് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക.
ചോ: പുതിയ ഭൂഉടമ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഉ: മേൽപറഞ്ഞതാണ് പോക്കുവരവിന്റെ നടപടി ക്രമം, എങ്കിലും പലപ്പോഴും അത് നടപ്പാക്കപെടണം എന്നില്ല. അതു കൊണ്ട് നമ്മൾ തന്നെ മുൻകൈ എടുത്ത്, പോക്കുവരവ് ചെയ്തു എന്ന് ഉറപ്പ് വരുത്തുകയും, പുതിയ ഭൂഉടമയുടെ പേരിൽ കരം (നികുതി) അടച്ച രസീത് കൈപറേറണ്ടതുമാണ്.
ചോ: പോക്കുവരവ് ചെയ്യാൻ ഏതൊക്കെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്?
ഉ: വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് പോക്കുവരവ്. അതുകൊണ്ട് തന്നെ ഓരോ ഭൂമിയുടെ കാര്യത്തിലും ഹാജരാക്കേണ്ട രേഖകൾ വ്യത്യാസപ്പെട്ടിരിക്കും. അതിൽ ബാധ്യതാ സർട്ടിഫികറ്റ്, ആധാരം, അടിയാധാരങ്ങൾ, മരണ സർട്ടിഫികറ്റ് , ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിൽപത്രങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ചോ: വസ്തു എത്ര തവണ പോക്കുവരവ് നടത്തേണ്ടതുണ്ട്?
ഉ: ഒരു ഭൂമി അതിന്റെ ഉടമ ഒരു തവണ മാത്രം പോക്കുവരവ് ചെയ്താൽ മതി. ഭൂമി വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഓരോ തവണയും, വാങ്ങുന്ന വ്യക്തി പോക്കുവരവ് നടത്തേണ്ടതാണ്.revenue platform
No comments:
Post a Comment