പവ്വത്തിലും അല്‍ ഖ്വയ്ദയും തമ്മിലെന്ത്?
Courtesy: http://www.reporterlive.com/2015/01/31/156523.html January 31, 2015
ഷാർലി എബ്ദോ ആക്രമണത്തെ കേരളത്തിൽ ആരും ന്യായീകരിച്ചില്ല. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമമോ എസ്ഡിപിഐയുടെ തേജസോ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ സിറാജോ ഒന്നും .
രാഷ്ട്രീയ നേതാക്കളോ മത സാമുദായിക നേതാക്കളോ ഷാർലി എബ്ദോ ആക്രമണത്തെ പിന്തുണച്ചില്ല.എല്ലാവരും ആക്രമണത്തെ അപലപിച്ചു.ലോകത്ത് അൽ ഖ്വയ്ദ മാത്രമാണ് ആക്രമണത്തെ ന്യായീകരിച്ചത്.അൽ ഖ്വയ്ദ കഴിഞ്ഞാൽ ഫാരീസ് അബുബക്കറിൽ നിന്ന് കത്തോലിക്ക സഭ തിരിച്ച് വാങ്ങിയ ദീപിക ദിനപത്രത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിലാണ് ഷാർലി എബ്ദോ ആക്രമണത്തെ ന്യായീകരിച്ചത്. പവ്വത്തിൽ ആക്രമണത്തെ ന്യായീകരിക്കുക മാത്രമല്ല ചെയ്തത്; കേരളത്തിന് പറ്റിയ മാതൃകയായി അതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു.കെ എം മാണിക്കെതിരെ വാർത്ത നൽകുന്നത് ചൂണ്ടിക്കാട്ടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി ഇല്ലെങ്കിൽ പ്രതികരണ സ്വാതന്ത്ര്യവും അതിര് വിട്ടു പോകും, അതാണ് പാരിസിൽ നിന്ന് മാധ്യമങ്ങൾ പഠിക്കേണ്ട പാഠം എന്നാണ് പവ്വത്തിൽ എഴുതുന്നത്. പവ്വത്തിൽ അൽ ഖ്വയ്ദക്കാരനാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?
പവ്വത്തിൽ പറയുന്നത് മാണിയുമായി ബന്ധപ്പെട്ട ബാർ കോഴ വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇങ്ങനെ സമൂഹങ്ങളെ വേദനിപ്പിച്ചാൽ ആ സമൂഹങ്ങൾ അവരുടെ രീതിയിൽ പ്രതികരിക്കും. അത് മാധ്യമക്കാർ മനസിലാക്കണം. അക്രമത്തിന്റെ ഭാഷയേ മാധ്യമങ്ങൾക്ക് മനസിലാവുകയുള്ളു എന്ന സ്ഥിതിവിശേഷം തീർത്തും അപകടകരമാണ്- ഇതാണ് പവ്വത്തിൽ പറയുന്നത്. അതായത് മാണിക്കെതിരെ വാർത്ത കൊടുത്താൽ കത്തോലിക്കർ മാധ്യമങ്ങളെ വെടി വച്ച് ശരിപ്പെടുത്തണം. പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം പാർലർ ആരോപണം ഉയർന്നപ്പോൾ ലീഗുകാർ ചെയ്തതു പോലെ പോര.അന്ന് മുസ്ലീം ലീഗുകാർ കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ കൊടി കുത്തി. മാധ്യമ പ്രവർത്തകരെ പൊതിരെ തല്ലി.അങ്ങനെ തല്ലിയിട്ട് കാര്യമില്ല. പാരിസിൽ ചെയ്തതു പോലെ വെടി വയ്ക്കണം എന്നാണ് പവ്വത്തിൽ തിരു മനസ്സിന്റെ ആഹ്വാനം.
ആരാ ഈ പവ്വത്തിൽ? കത്തോലിക്ക സഭയിലെ ഒരു തൊഗാഡിയ. ഇയാളാണ് പണ്ട് പറഞ്ഞത് കത്തോലിക്കരുടെ കുട്ടികളെ കത്തോലിക്കരുടെ സ്കൂളിലേ പഠിപ്പിക്കാവൂ എന്ന്. സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്ന് പറഞ്ഞല്ലോ . മഹാരാജിന് ഈ ഐഡിയ കിട്ടിയത് പവ്വത്തിലിൽ നിന്നാണ്. പരമാവധി കുട്ടികളെ ഉണ്ടാക്കി കത്തോലിക്ക ജനസംഖ്യ പെരുക്കണമെന്നാണ് പവ്വത്തിൽ നേരത്തെ നടത്തിയ ആഹ്വാനം.
ഇത് മാത്രമല്ല പവ്വത്തിൽ നടത്തിയത്. ഇസ്രയേൽ പലസ്ഥീൻ സംഘർഷത്തിൽ ഇസ്രയേലിന്റെ പക്ഷം പിടിച്ച് പരസ്യമായി സംസാരിച്ചു പവ്വത്തിൽ. പലസ്ഥീനിലെ ദുരിതമല്ല, ഇസ്രയേലികളുടെ ബുദ്ധിമുട്ടുകളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത് എന്ന് ഉപദേശിച്ചു.കത്തോലിക്കാ സഭയിൽ ഭിന്നത സൃഷ്ടിച്ചവരിൽ പ്രധാനിയാണ് പവ്വത്തിൽ. കൽദായവാദം- ആരാധനാക്രമം, കുരിശിന്റെ രൂപം എന്നിവ സംബന്ധിച്ച് 1990 കളിൽ നടന്ന ചർച്ച വഴി സഭയിൽ വിഭാഗീയത കൊണ്ടുവന്നത് പവ്വത്തിൽ ആയിരുന്നു.പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ് ആ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെ- ഞാൻ അന്ന് ഇന്ത്യ ടു ഡേയിൽ ആയിരുന്നു.നിരവധി റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് തയ്യാറാക്കേണ്ടിവന്നു. കേരള കത്തോലിക്ക സഭയിൽ പവ്വത്തിൽ ഉണ്ടാക്കിയ വിഭാഗീയത സംബന്ധിച്ച് പുരോഹിതർ തന്നെ എനിക്ക് കത്ത് എഴുതുകയും തെളിവ് നൽകുകയും ചെയ്തു. ഇന്ന് അതേ പവ്വത്തിലണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും പരസ്യമായി ആഹ്വാനം ചെയ്യുന്നത്. ഈ ഭീഷണി കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ അടുത്ത് നടക്കില്ല-ജേക്കബ് ജോർജ് പറയുന്നു.
യഥാർത്ഥത്തിൽ ഇപ്പോൾ പവ്വത്തിൽ ആരാണ്. പെൻഷൻ പറ്റിയ ഒരു ആർച്ച് ബിഷപ്. സഭയുടെ അഭിപ്രായം പറയാൻ സഭക്ക് ആളുണ്ട്. ചങ്ങനാശേരി ആർച്ച് ബിഷപ് ഇപ്പോൾ പെരുന്തോട്ടം ആണ്. കർദ്ദിനാൾ ആലഞ്ചേരി ഉണ്ട്.ഇവരൊന്നും പറയാത്ത അഭിപ്രായം പവ്വത്തിൽ പറയുമ്പോൾ അത് തൊഗാഡിയ, അൽ ഖെയ്ദ സ്വാധീനം തന്നെ.
കെ എം മാണിയെ ന്യായീകരിക്കുന്ന പവ്വത്തിലിന് ഡോക്ടർ സെബാസ്റ്റ്യൻ പോൾ നൽകുന്ന മറുപടി അതിലും രസകരമാണ്. കെ എം മാണി കോഴ വാങ്ങിയില്ലെന്ന് പവ്വത്തിലിന് എങ്ങനെ അറിയാം. മാണി പവ്വത്തിലിനോട് കുമ്പസാരിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ തന്നെ കുമ്പസാര രഹസ്യം പുറത്ത് പറയാമോ. ഹൈക്കോടതി ഉത്തരവിട്ട വിജിലൻസ് അന്വേഷിക്കുന്ന ഒന്നാണ് ബാർ കോഴ കേസ്. ഇതിൽ മാണിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അങ്ങനെ ഇരിക്കെ മാണിയെ വിശുദ്ധനാക്കാൻ പവ്വത്തിൽ ആരാണ്-സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു.
മറിയക്കുട്ടി കൊലക്കേസിന്റെ കാര്യവും സെബാസ്റ്റ്യൻ പോൾ പറയുന്നു.പ്രമാദമായ ഒന്നായിരുന്നു മറിയക്കുട്ടി കൊലക്കേസ്. ആ കേസ് ആന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ഫാദർ ബെനഡിക്ടിനെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ചങ്ങനാശേരി ആർച്ച് ബിഷപ്പിന്റെ അനുമതി തേടി. നിങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നാണ് അന്നത്തെ പിതാവ് പൊലീസിന് നൽകിയ അനുമതി.ആ ആർച്ച് ബിഷപ്പിന്റെ പിൻഗാമിയാണ് എന്ന് അവകാശപ്പെടുന്ന പവ്വത്തിൽ ഇന്ന് കെ എം മാണിക്ക് വക്കാലത്തുമായി വരുന്നതിനെ പറ്റി എന്ത് പറയാൻ.
ജേക്കബ് ജോർജും സെബാസ്റ്റ്യൻ പോളും പറഞ്ഞതിൽ നിന്ന് ആരാണ് പവ്വത്തിലെന്നും എന്താണ് താത്പര്യം എന്നും വ്യക്തമായില്ലേ. എങ്കിൽ ഡോക്ടർ ഡി ബാബു പോളിനോട് കൂടി ചോദിക്കാം. എന്റെ പ്രകാശേ ചങ്ങനാശേരി അതിരൂപതക്ക് കീഴിലാണ് പാലാ രൂപത. അതിലെ ഒരു മെമ്പർ ആണല്ലോ മാണി. എന്തെങ്കിലും ചെയ്യേണ്ടേ. അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷെ മാണിക്ക് ഇത് ദോഷമാ. മാണിയെ ഈ സമയം നോക്കി വെറും കത്തോലിക്കനാക്കി പ്രശ്നമാക്കാനാണ് പരിപാടി.ബാബു പോൾ ചിരിച്ചു.
അതെല്ലാം പോകട്ടെ. ഇനി പവ്വത്തിൽ പറഞ്ഞ യഥാർത്ഥ ഉപദേശം നോക്കാം.മാധ്യമ പ്രവർത്തകർക്ക് ആർത്തി കൂടുമ്പോൾ പണം വാങ്ങി വാർത്തകൾ സൃഷ്ടിക്കുന്നതും വാർത്തകൾ വളച്ചൊടിക്കുന്നതും വാർത്തകൾ ദുർവ്യാഖ്യാനം ചെയത് കൊടുക്കുന്നതും എല്ലാം ഇന്ന് പതിവാണ്.ഇതാണ് പവ്വത്തിലിന്റെ കുറ്റപ്പെടുത്തൽ. അയ്യയ്യോ എന്റെ പൊന്നച്ചോ കുളിര് കോരുന്നു.കത്തോലിക്ക സഭ ആരംഭിച്ച കേരളത്തിന്റെ പാരമ്പ്യര്യമായ ദീപിക ദിനപത്രം ഫാരീസ് അബു ബക്കർ എന്ന റിയൽ എസ്റ്റേറ്റ്കാരനെ ഏൽപ്പിച്ച അച്ചോ, ഉപദേശം ഒന്നാന്തരം.ഫാരീസ് അബു ബക്കറിന്റെ കാലത്ത് എന്തായിരുന്നു ദീപിക? എന്തായിരുന്നു ഫാരീസും അച്ചൻമാരും ചേർന്ന് നടത്തിയ കച്ചവടം ?. അതിന്റെ അനുഭവത്തിൽ നിന്നായിരിക്കാം പവ്വത്തിൽ പിതാവേ നിങ്ങൾ ആർത്തിയെ കുറിച്ചും പണം വാങ്ങി വാർത്ത സൃഷ്ടിക്കുന്നതിനെ കുറിച്ചും എല്ലാം പറയുന്നത്. അനുഭവം ആണല്ലോ ഗുരു.പിതാവിനും ഫാരീസ് അബു ബക്കർക്കും ദീപികയിലെ കുഞ്ഞാടുകൾക്കും സ്തോത്രം,സ്തോത്രം,സ്തോത്രം.