മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഒരു തുറന്ന കത്ത്.
(തൃശ്ശൂര്‍ അതിരൂപത
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്
കേരള കാത്തലിക് ഫെഡറേഷന്‍ 2011 സെപ്തംബര്‍ 21ന് അയച്ച കത്ത്)
തൃശ്ശൂര്‍ അതിരൂപതയുടേതായി പുറത്തിറക്കുന്ന ‘കത്തോലിക്കാ സഭ’ എന്ന പ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ മുന്‍പേജില്‍തന്നെ വളരെ പ്രാധാന്യംനല്‍കി ‘കാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടന’’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതിരൂപതയുടെ പത്രക്കുറിപ്പാണ് ഈ കത്തെഴുതാന്‍ പ്രേരകമായത്.
ഏതൊരു പരിഷ്‌കൃത നീതിന്യായവ്യവസ്ഥയുടെയും അടിസ്ഥാനപ്രമാണം വിധി പ്രഖ്യാപിക്കുംമുമ്പ് പ്രതിഭാഗത്തെ ശ്രവിക്കുക എന്നതാണ് (Audi alteram partem). വിചാരണയില്ലാതെ വിധി നടപ്പാക്കുന്നത് ഭീകരപ്രസ്ഥാനങ്ങളൊ കാടന്‍ഭരണകൂടങ്ങളൊ ആണ്. കേരള കാത്തലിക് ഫെഡറേഷനെതിരെ ഇത്തരം നട്ടാല്‍ കിളുക്കാത്ത പച്ചക്കള്ളം എഴുതിപിടിപ്പിക്കുന്നതിനുമുമ്പ് അതിന്റെ ഭാരവാഹികളോട് വിശദീകരണം തേടുകയെന്നത് ദൈവികനീതിക്കും സ്വാഭാവികനീതിക്കും മാന്യതക്കും സംസ്‌കാരത്തിനും ചേര്‍ന്നതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പതിനാറു പ്രമാണരേഖകളുടെയും അടിസ്ഥാനം സംഭാഷണത്തിന്റെയും സംവാദത്തിന്റെയും പാരസ്പര്യത്തിലൂന്നിയ ചൈതന്യമാണെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ എക്ലേസിയാം സുവാം (Ecclesiam Suam) എന്ന ചാക്രികലേഖനത്തില്‍ പ്രസ്താവിക്കുന്നു. ഈ ചൈതന്യത്തിന് കടകവിരുദ്ധമാണ് തൃശ്ശൂര്‍ അതിരൂപതയുടെ വ്യാജപത്രക്കുറിപ്പ്. ശിക്ഷാനടപടികളുടെ വാള്‍മുനയിലൂടെയല്ല സത്യാന്വഷണത്തില്‍ അധിഷ്ഠിതമായ സംവാദത്തിലൂടെയാണ് ആത്യന്തികസത്യം പുറത്തുവരിക.
വിശ്വാസം, സന്മാര്‍ഗം എന്നീ രണ്ടു വിഷയങ്ങളില്‍ മാത്രമാണ് സഭയുടെ ആത്മീയാധികാരികള്‍ക്ക് പ്രബോധനാധികാരമുള്ളത്. എന്നാല്‍ സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ക്രൈസ്തവവിശ്വാസിക്ക് അവകാശവും കടമയുമുണ്ടെന്ന് കാനോന്‍ നിയമം (Codex Canonum Ecclesiarum Orientalium) 15-ാം വകുപ്പ് പറയുന്നു. വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണുന്നതും മാന്യമായ സംവാദത്തിന് തയ്യാറാവുന്നതുമാണ് സംസ്‌കാരസമ്പന്നതയുടെ അടയാളമായി പരിഷ്‌കൃതസമൂഹം കരുതുന്നത്. ഒരു പ്രസിദ്ധീകരണവും വിശ്വാസികളുടെ നേര്‍ച്ചപ്പണവും കൈവശമുണ്ടെങ്കില്‍ എന്തുമായിക്കളയാം എന്നു കരുതുന്നത് മാമോന്‍ദര്‍ശനമാണ്.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ മതവിരോധികളായി മുദ്രകുത്തുന്നത് പഴയ ഒരു പുരോഹിതതന്ത്രമാണ്. ക്രിസ്തുവിനെതിരെയും പുരോഹിതര്‍ ഇതേ തന്ത്രം കൗശലപൂര്‍വം പ്രയോഗിച്ചിരുന്നു. അവരാണ് ക്രിസ്തുവിന്റെ ദൈവരാജ്യദര്‍ശനത്തെ സാമ്രാജ്യദര്‍ശനമാക്കി തരംതാഴ്ത്തിയത്. വിശ്വാസിസമൂഹമെന്നാല്‍ യാന്ത്രികമായി വിശ്വാസപ്രമാണം ഉരുവിടുന്ന സംഘമല്ല; പിന്നെയോ യേശു വിഭാവനംചെയ്ത ദൈവരാജ്യത്തിന്റെ പ്രായോഗികതലത്തിലെ തനിമ (Orthopraxy)നിലനിര്‍ത്തേണ്ടവരും അതിന്റെ പ്രയോക്താക്കളുമാണ്. സഭയിലെ അനീതികളെ ചോദ്യംചെയ്യാതെ ഈ തനിമയിലേക്കെത്താന്‍ കഴിയില്ല. ഇതിനുവേണ്ടി പ്രധാനപുരോഹിതന്റെ അതൃപ്തിക്ക് പാത്രമാകേണ്ടി വരും, കുരിശുമെടുത്ത് കാല്‍വരിയിലേക്ക് പീഢാനുഭവയാത്ര നടത്തേണ്ടിവരും. “കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനല്ല” (ലൂക്കാ 9:62).
നീതിക്കുവേണ്ടി ശബ്ദിക്കുന്നത് ഒരു ക്രൈസ്തവദൗത്യമാണ്. “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും (മത്താ 5: 6) എന്ന തിരുവെഴുത്ത് ഞങ്ങള്‍ക്ക് ധൈര്യം പകരുന്നു. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍നിന്ന് സഭാവിരുദ്ധതയുടെയും അച്ചടക്കലംഘനത്തിന്റെയും വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിച്ചുകളയാമെന്ന ധാരണ ശരിയല്ല,
ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും അനുവദിക്കുന്നു. ആര്‍ക്കും ഒരു തീട്ടൂരംകൊണ്ട് എടുത്തുകളയാവുന്നതല്ല ഭരണഘടനാപരമായ ഈ അവകാശങ്ങള്‍ പുരോഹിതരുടെ സ്തുതിപാഠകസംഘങ്ങളായ കടലാസുസംഘടനകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തെ നിയമമനുസരിച്ച് റജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത പുലര്‍ത്തുന്നതുമായ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍. മെത്രാന്മാരുടെ രാജകീയഭരണശൈലിക്കും പുരോഹിതരുടെ അനീതികള്‍ക്കുമെതിരെ പോരാടുന്ന ഈ സംഘടനക്ക് മെത്രാന്‍ അംഗീകാരം കൊടുക്കും എന്നു വിശ്വസിക്കാന്‍മാത്രം വിഡ്ഢികളല്ല ക്രൈസ്തവവിശ്വാസികള്‍. മെത്രാന്റെ അംഗീകാരമുള്ള സംഘടനയാണെന്ന് ഞങ്ങള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പൗരോഹിത്യത്തിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഏതെങ്കിലും അത്മായ സംഘടനക്ക് കേരളത്തിലെ ഏതെങ്കിലും മെത്രാന്‍ അംഗീകാരം കൊടുത്തതായി ചരിത്രമുണ്ടൊ?.
കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കുമ്പോള്‍ ആ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാന്‍ അങ്ങേക്കും മറ്റു പുരോഹിതര്‍ക്കും ബാധ്യതയുണ്ട്. സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും സ്ഥാപനങ്ങളും മാത്രമല്ല; ഇവയുടെ ഗുണഭോക്താക്കളല്ലാതെ പണംകൊടുക്കാനും പ്രാര്‍ത്ഥിക്കാനും അനുസരിക്കാനും (To pay, pray & obey) മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള ശബ്ദമില്ലാത്ത ബഹുഭൂരിപക്ഷമായ ഒരു വിശ്വാസിസമൂഹം കൂടിയുണ്ട്. ആ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെത്രാന്മാരുടെയും പുരോഹിതരുടെയും ധനാര്‍ത്തി, ധനാപഹരണം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഞങ്ങള്‍ തുറന്നുകാണിച്ചിട്ടുണ്ട്. ഉടുതൂണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ടവരോടൊത്ത് അവര്‍ക്കുവേണ്ടി ജീവിച്ച് പുരോഹിതരുടെയും ഭരണാധികാരികളുടെയും അപ്രീതിക്ക് പാത്രമായി ഒടുവില്‍ കാല്‍വരിയിലെ കുരിശില്‍ തൂക്കിലേറ്റപ്പെട്ട യേശുവിന്റെ നാമത്തില്‍ കോടികളുടെ പള്ളികളും വാണിജ്യസമുച്ചയങ്ങളും പണിയുന്നതും സമ്പത്ത് വാരിക്കൂട്ടുന്നതും ഞങ്ങള്‍ ശക്തിയുക്തം വിമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങളിലെ കോഴസംസ്‌കാരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സമ്പന്നവിഭാഗങ്ങള്‍ക്കുമാത്രം പഠിക്കാനുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി പണം സമാഹരിക്കുന്നതിനുപകരം പട്ടിണിപ്പാവങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കുംവേണ്ടി സഭ ഇറങ്ങിപ്പുറപ്പെടണമെന്ന് വാദിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ പുരോഹിതര്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മാമോദീസ, വിവാഹം, മരിച്ചടക്ക് തുടങ്ങിയ അവസരങ്ങളില്‍ അവരെ ചൂഷണംചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവന്റെ മൃതദേഹത്തെപോലും അപമാനിക്കാന്‍ തയ്യാറാകുന്ന പുരോഹിര്‍ക്കെതിരെ നിയമപടപടി സ്വീകരിച്ചിട്ടുണ്ട്. പുരോഹിതരുടെ ലൈംഗിക അരാജകത്വത്തിന്റെ ഭീകരമുഖം തുറന്നുകാണിച്ചിട്ടുണ്ട്. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും ഭൗതികഭരണത്തില്‍ ജനാധിപത്യവും പുലര്‍ന്നുകാണണമെന്ന അഭിലാഷത്തില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കി സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍’ നിയമമാക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം എങ്ങിനെ സഭാവിരുദ്ധമാകും?
യേശുക്രിസ്തുവും ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ മാമോദീസാവഴി ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളിയാണ് ഒരോ ക്രൈസ്തവനുമെന്ന് അത്മായന്റെ അപ്പസ്‌തോലിക ദൗത്യത്തെക്കുറിച്ചുള്ള പ്രമാണരേഖ (Apostolicam Actuositatem)പറയുന്നു. ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രക്തസാക്ഷികളുടെ ധൈര്യവും സ്ഥൈര്യവുമുള്ള വിശ്വാസിസമൂഹത്തെയാണ് യേശുക്രിസ്തു വിഭാവനം ചെയ്തത്. സഭയുടെ അധികാരശ്രേണിയെ ഭയപ്പെടുന്ന സ്തുതിപാഠക സംഘത്തെയല്ല.
കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം സമൂഹമദ്ധ്യത്തില്‍ അവഹേളിതരാകുന്നത് സ്വന്തം ചെയ്തികള്‍ മൂലമാണ്. കൊച്ചി മെത്രാന്‍ യുവതിയെ ദത്തെടുത്ത സംഭവവും, അഭയാകേസും, ശ്രേയാകേസും, ഞാറക്കല്‍ മഠത്തിലെ പുരോഹിതതാണ്ഡവവും, കുരിയച്ചിറ പള്ളിയിലെ വനിതാ പ്രൊഫസര്‍ക്കെതിരെയുള്ള കയ്യേറ്റവും, വടൂക്കര പള്ളിയിലെ ബാലികാമര്‍ദ്ദനവും കേരള കാത്തലിക് ഫെഡറേഷന്റെ സൃഷ്ടിയല്ല. 1977 മുതല്‍ സി.എം.ഐ.സന്യാസവൈദികരുടെ ആദ്ധ്യാത്മികനേതൃത്വത്തില്‍ സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ട് വിശ്വാസിസമൂഹത്തില്‍ കലാപത്തിന്റെ വിത്തുവിതച്ചതും കേരള കാത്തലിക് ഫെഡറേഷനല്ല. കൊട്ടേക്കാട് പള്ളിവികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ ഏകാധിപത്യനടപടികളും ദുര്‍മന്ത്രവാദവുംകൊണ്ട് പൊറുതിമുട്ടിയ വിശ്വാസികള്‍ വികാരിയെ മാറ്റിത്തരാന്‍ സമരമാര്‍ഗത്തിലേക്ക് തിരിഞ്ഞത് കേരള കാത്തലിക് ഫെഡറേഷന്റെ അപരാധംമൂലമല്ല.
കേരള കാത്തലിക് ഫെഡറേഷന്‍ എന്ന സംഘടനയുടെ നിലപാടുകളില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അങ്ങേക്ക് ആത്മീയമായ അവകാശമുണ്ട്. അതിന് പകരം അധികാരത്തിന്റെ അംശവടിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള ദൈവവരപ്രസാദവും ശക്തിയും പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. “മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പോ. പ്രവ. 5: 29) എന്ന അപ്പസ്‌തോലവചനങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു.
‘സത്യം നമ്മെ സ്വതന്ത്രരാക്കും’ (Veritas Vos Liberabit) എന്നാണല്ലൊ അങ്ങയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്കാസഭ’യുടെ പ്രമാണസൂക്തം. അതിനോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ അച്ചടിക്കുന്നതിനുമുമ്പായി നിജസ്ഥിതി പരിശോധിക്കാനുള്ള മാന്യതയും സംസ്‌കാരവും ആ പത്രം കാണിക്കേണ്ടതായിരുന്നു. കാനോന്‍ നിയമങ്ങളും കത്തോലിക്കാ വേദോപദേശവും വത്തിക്കാന്‍ പ്രമാണരേഖകളും പത്രത്തിന്റെ ചുമതലക്കാരായ വൈദികര്‍ മനസ്സിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
2011 സെപ്തംബര്‍ 21ന് രജിസ്റ്റര്‍ തപാല്‍ വഴി അയച്ച കത്തിന് ഇത് വരെ മറുപടി കിട്ടിയിട്ടില്ല.
ReplyDelete